നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ സമരം
ന്യൂഡൽഹി ∙ നീറ്റ് ചോദ്യപേപ്പർ ചോർച്ചാവിഷയത്തിൽ സുപ്രീം കോടതിയിൽ വാദം തുടങ്ങി. പുനഃപരീക്ഷ ആവശ്യപ്പെടുന്ന വിദ്യാർഥികൾക്കു വേണ്ടിയുള്ള വാദമാണ് ആദ്യം. എത്ര വിദ്യാർഥികളാണ് സുപ്രീം കോടതിയിൽ ഹർജിയുമായി എത്തിയതെന്ന് അറിയിക്കാൻ സുപ്രീം കോടതി ദേശീയ പരീക്ഷ ഏജൻസിയോടു നിർദേശിച്ചു. ഉച്ചയ്ക്ക് മുൻപ് ഇക്കാര്യം അറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കോടതിയിൽ വാദം പുരോഗമിക്കുകയാണ്.
ഹർജിക്കാരായ വിദ്യാർഥികളുടെ മാർക്ക് വിവരവും അറിയിക്കണം. ഹർജിക്കാർക്കു വേണ്ടി നരേന്ദ്ര ഹൂഡയാണ് ആദ്യം വാദമുന്നയിച്ചത്. നിലവിലെ പട്ടിക പ്രകാരം മെഡിക്കൽ പ്രവേശനത്തിനു യോഗ്യത നേടിയ 1.08 ലക്ഷം വിദ്യാർഥികളിൽ പെടുന്ന 254 പേരും അതിനു പുറത്തുള്ള (പരീക്ഷയെഴുതിയ മറ്റ് 22 ലക്ഷം പേരിൽ) 131 പേരുമാണ് കോടതിയിൽ ഹർജികളുമായി ഉള്ളതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി.
നീറ്റ് പരീക്ഷാഫലം സംബന്ധിച്ചു ഐഐടി മദ്രാസ് നടത്തിയ പഠനം കോടതി പരിശോധിച്ചു. ഹർജിക്കാരിൽനിന്ന് അതേക്കുറിച്ചു വ്യക്തത തേടി. ജില്ലാതലത്തിലും പരീക്ഷാകേന്ദ്ര തലത്തിലും കഴിഞ്ഞ 2 വർഷത്തെ പരീക്ഷാഫലം പരിശോധിച്ചു. ഇക്കാര്യങ്ങളിൽ വലിയ തോതിൽ ക്രമക്കേടിന്റെ സൂചനയില്ലെന്നാണ് ഐഐടിയുടെ റിപ്പോർട്ട്. അതു നരേന്ദ്ര ഹൂഡ വായിച്ചു. മദ്രാസ് ഐഐടിയുടെ അനാലിസിസിന്റെ രീതിയിൽ യഥാർഥ പ്രശ്നം കണ്ടെത്താൻ കഴിയില്ലെന്നും നരേന്ദ്ര ഹൂഡ. 23 ലക്ഷം വിദ്യാർഥികളുടെയും കാര്യത്തിൽ പരിശോധന നടത്തിയെന്ന വാദം അംഗീകരിക്കാനാകില്ല. പ്രവേശന സാധ്യതയും യോഗ്യതയും നേടിയ 1.8 ലക്ഷം വിദ്യാർഥികളുടെ ഫലത്തിന്റെ കാര്യത്തിലാണ് ഡേറ്റ അനാലിസിസ് വേണ്ടിയിരുന്നത്.
വലിയ ഡേറ്റയുടെ അപഗ്രഥനം ആയതിനാൽ ചെറിയ പിഴവുകൾ കാണാനാകില്ലെന്നു ഹർജിക്കാർ വാദിച്ചു. നഗരാടിസ്ഥാനത്തിലുള്ള റാങ്കിന്റെ കാര്യത്തിലും വലിയ ക്രമക്കേട് കണ്ടെത്തിയിട്ടില്ലെന്നാണ് ഐഐടി മദ്രാസിന്റെ റിപ്പോർട്ടിലുമുള്ളതെന്നും വാദം. സോളിസിറ്റർ ജനറൽ ഇടപെട്ട് മദ്രാസ് ഐഐടിയുടെ കണക്കുകൾ വിശദീകരിച്ചു. ആദ്യ 100 റാങ്കുകാർ ഏതു നഗരത്തിൽനിന്നു വരുന്നവരാണെന്ന കാര്യം പട്ടികയായി നൽകാൻ കഴിയുമോയെന്ന് ചീഫ് ജസ്റ്റിസ്. അതു മറുപടി സത്യവാങ്മൂലത്തിൽ ഉണ്ടെന്ന് എൻടിയുടെ അഭിഭാഷകൻ പറഞ്ഞു.
ആദ്യ 100 റാങ്കുകാരിൽ യുപിയിലെ ലക്നൗവിൽനിന്നു 4 വിദ്യാർഥികളുണ്ടെന്ന് സോളിസിറ്റർ ജനറൽ പറഞ്ഞു. ജയ്പുരിൽനിന്ന് മാത്രം ഒൻപതു പേർ ആദ്യ 100 റാങ്കുകരിൽ ഉണ്ടെന്നും ഹർജിക്കാർ അറിയിച്ചു. ഇക്കാര്യം എൻടിഎയ്ക്ക് സത്യവാങ്മൂലത്തിൽ നൽകാൻ കഴിയില്ലെന്നും കുറ്റപ്പെടുത്തി. ബിഹാറിൽനിന്ന് ഏഴു പേർ ആദ്യ 100 റാങ്കിലുണ്ടെന്നും ഹർജിക്കാർ പറഞ്ഞു. ആദ്യ 100 റാങ്കുകാരിൽ ഗുജറാത്തിൽനിന്ന് ആറു പേരുണ്ട്. ഹരിയാനയിൽനിന്ന് നാലു പേരാണുള്ളത്. എൻടിഎ തയാറാക്കിയ ഈ പട്ടികയിൽ പിഴവുണ്ടെന്നും ഹരിയാനയിലെ ഒരു കേന്ദ്രത്തിൽ പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക്, അതും ഒരേ ബാങ്കിലെ ലോക്കറിൽനിന്നു കൊണ്ടുവന്ന ചോദ്യപേപ്പർ എഴുതിയവർക്ക് ഉയർന്ന റാങ്ക് ലഭിച്ചെന്നും ഹർജിക്കാർ ആരോപിച്ചു. ആ വിഷയം മറ്റൊന്നാണെന്നും ഈ ഘട്ടത്തിൽ പറയേണ്ടതല്ലെന്നും സോളിസിറ്റർ ജനറലിൽ ഇടപെട്ടു. കോടതി വിലക്കാത്തതിനാൽ ഈ വാദത്തെക്കുറിച്ച് ഹർജിക്കാർ വാദം തുടർന്നു.
ആദ്യ 100 റാങ്കുകാരിൽ കേരളത്തിൽനിന്ന് അഞ്ച് പേരാണുള്ളത്. മഹാരാഷ്ട്രയിൽനിന്ന് 5, തമിഴ്നാട്ടിൽനിന്ന് 8, യുപിയിൽനിന്ന് ആകെ 6, ബംഗാളിൽനിന്ന് 5. ഫലത്തിൽ നീറ്റ് റാങ്ക് രാജ്യമാകെ വ്യാപിച്ചാണ്. ഒരിടത്തുനിന്ന് മാത്രമെന്ന് പറയാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ആദ്യ 100 റാങ്കുകാർ രാജ്യത്തെ 95 കേന്ദ്രങ്ങളിൽ നിന്നാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. 18 സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർഥികൾ ഈ കൂട്ടത്തിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരീക്ഷ എഴുതിയ ആകെ 23 ലക്ഷം പേരിൽ എത്ര പേർ പരീക്ഷാകേന്ദ്രം മാറ്റിയെന്നു സുപ്രീം കോടതി ചോദിച്ചു. റജിസ്ട്രേഷൻ കഴിഞ്ഞാൽ തിരുത്തലിന് അവസരം നൽകുമ്പോഴാണു പരീക്ഷാകേന്ദ്രം മാറ്റുന്നതെന്നും ഇക്കാര്യം തങ്ങൾക്ക് അറിയിലില്ലെന്നും എൻടിഎ പറഞ്ഞു. അതേസമയം, തിരുത്തൽ വരുത്താനുള്ള അവസരം 15,000 പേർ ഉപയോഗിച്ചെന്നും എൻടിഎ അറിയിച്ചു. എന്നാൽ കേന്ദ്രം അനുവദിക്കുന്ന കാര്യത്തിൽ സുപ്രീം കോടതി കൂടുതൽ വ്യക്തത തേടി. ഏതു നഗരത്തിൽ കേന്ദ്രം വേണമെന്നാണ് വിദ്യാർഥികൾ അപേക്ഷിക്കുന്നതെന്നും കംപ്യൂട്ടർ സംവിധാനത്തിലൂടെയാണ് കേന്ദ്രം അനുവദിക്കുന്നതെന്നും എൻടിഎ മറുപടി നൽകി. പരീക്ഷാകേന്ദ്രം മാറ്റിയവരിൽ എത്ര പേർ ആദ്യ 1.8 ലക്ഷം പേരുടെ റാങ്ക് പട്ടികയിൽ എത്തിയെന്ന് സുപ്രീം കോടതി ചോദിച്ചു. തിരുത്തലിന്റെ അവസരം ഉപയോഗിച്ചെന്ന് എൻടിഎ ചൂണ്ടിക്കാട്ടിയ 15,000 പേരിൽ എത്ര പേർ റാങ്ക് പട്ടികയിൽ വന്നെന്നും ഉച്ചയ്ക്കു ശേഷം കോടതി ചേരുമ്പോൾ അറിയിക്കാൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എൻടിഎയോടു നിർദേശിച്ചു.
