കെഎസ്ആർടിസി ഡ്രൈവർ സുബൈർ. Image Credit: Special Arrangement
കൊച്ചി ∙ ബസിനു മുന്നിൽ നിർത്തിയ കാർ മാറ്റാൻ ഹോൺ മുഴക്കിയതിന് കെഎസ്ആർടിസി ഡ്രൈവർക്കു മർദനം. എറണാകുളം ഡിപ്പോയിലെ ഡ്രൈവറായ സുബൈറിനാണു കാർ ഡ്രൈവറുടെ മർദനമേറ്റത്. പിറവം സ്വദേശിയായ അഭിനവ് എന്നയാളാണ് വാഹനമോടിച്ചിരുന്നത് എന്നാണ് പൊലീസ് പറയുന്നത്. ഇയാളെ അന്വേഷിച്ച് പൊലീസ് വീട്ടിലെത്തിയപ്പോൾ മുത്തശ്ശി മാത്രമാണ് ഉണ്ടായിരുന്നത് എന്നാണ് വിവരം.
എറണാകുളത്തുനിന്ന് കട്ടപ്പനയ്ക്കു പോകുന്ന ബസിന്റെ ഡ്രൈവറാണ് സുബൈർ. രാവിലെ ഏഴരയോടെ തൃപ്പൂണിത്തുറ കണ്ണൻകുളങ്ങര ജംക്‌ഷനില്‍ എത്തിയപ്പോഴാണ് ബസിനു കടന്നു പോകാൻ കഴിയാത്ത വിധം കാർ നിർത്തിയത്. തുടർന്ന് ഹോൺ മുഴക്കിയപ്പോള്‍ ഗ്ലാസ് താഴ്ത്തി എന്താണെന്നു കൈ കൊണ്ട് കാർ ഡ്രൈവർ ആംഗ്യം കാണിച്ചെന്ന് സുബൈർ പറയുന്നു. അവിടെനിന്ന് ബസ് എടുത്ത് മുമ്പിലുള്ള സ്റ്റോപ്പില്‍നിന്ന് ആളെ കയറ്റുമ്പോൾ പെട്ടെന്ന് കാർ കൊണ്ടുവന്ന് നിർത്തി ഡ്രൈവർ ഇറങ്ങി വന്നെന്ന് സുബൈർ പറയുന്നു.
കേട്ടാലറയ്ക്കുന്ന പച്ചത്തെറി വിളിച്ചു തന്റെ മുഖത്തും കൈയ്ക്കും അടിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാം പെട്ടെന്നായതിനാൽ പ്രതികരിക്കാൻ പോലും പറ്റിയില്ലെന്നു സുബൈർ പറയുന്നു. തുടര്‍ന്ന് ഇയാളെ തൃപ്പൂണിത്തുറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹന ഉടമയ്ക്കെതിരെ കേസെടുത്ത പൊലീസ് ആളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.
