ഉമ്മൻചാണ്ടിയുടെ കബറിടത്തിൽ പുഷ്പാർച്ചന നടത്തുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
കോട്ടയം ∙ കേരളം കണ്ട ഏറ്റവും ജനകീയ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അധ്യക്ഷനായി. സ്നേഹത്തിന്റെ പാരസ്പര്യമാണ് ഉമ്മൻ ചാണ്ടിയുടെ പൊതുജീവിതത്തെ ധന്യമാക്കിയതെന്നും ഗവർണർ പറഞ്ഞു. ധന്യതയുടെ തിളക്കം അദ്ദേഹത്തിന്റെ പേരിൽ വിദ്യാർഥികൾക്ക് നൽകിയ സ്കോളർഷിപ്പുകളിലുണ്ടാകും. ചാണ്ടി ഉമ്മൻ തന്നെ ചടങ്ങിലേക്ക് ക്ഷണിക്കാനായി രാജ്ഭവനിലേക്ക് എത്തിയപ്പോൾ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. സംസ്ഥാനത്തെ ഏറ്റവും മികച്ച പൊതുപ്രവർത്തകരിൽ ഒരാളായിരുന്നു ഉമ്മൻ ചാണ്ടി. നേതാക്കൾക്ക് വേണ്ട എല്ലാ ഗുണങ്ങളും ഉണ്ടായിരുന്ന അദ്ദേഹം സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി വലിയ സേവനങ്ങൾ നടത്തിയിരുന്നുവെന്നും ഗവർണർ പറഞ്ഞു.
പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കബറിടത്തിൽ നടന്ന പ്രാർഥനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. കോട്ടയം ഉൾപ്പെടെ എല്ലാ ജില്ലകളിലും ഡിസിസികൾ ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. വാർഡ് തലത്തിൽ പുഷ്പാർച്ചനയും നടന്നു. രാവിലെ കെപിസിസി ഓഫിസിലും കെ.സുധാകരന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടന്നു.
