പ്രതീകാത്മക ചിത്രം

ദുബായ് : യു.എ.ഇയില്‍ ഇന്ത്യന്‍ രൂപയില്‍ ഇടപാടുകള്‍ നടത്താനുള്ള സൗകര്യം ലഭ്യമായതിന് പിന്നാലെ കച്ചവട സാധ്യതകള്‍ തേടി ബിസിനസ് ലോകം. ദിവസങ്ങള്‍ക്ക് മുമ്പാണ് യു.എ.ഇ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ക്കും പ്രവാസികള്‍ക്കുമെല്ലാം ഫോണ്‍പേയിലൂടെ ഇന്ത്യന്‍ രൂപയില്‍ തന്നെ ഇടപാടുകള്‍ നടത്താനുള്ള സംവിധാനം നടപ്പില്‍ വന്നത്. ദുബായ് ആസ്ഥാനമായുള്ള മഷ്രിഖ് ബാങ്കുമായി സഹകരിച്ചാണ് പദ്ധതി. മഷ്രിഖ് നിയോപേ കൗണ്ടറുകളിലൂടെയാണ് ഇതിന് വഴിയൊരുക്കുന്നത്. ഇതുവരെ യു.എ.ഇയില്‍ എത്തുന്നവര്‍ക്ക് ദിര്‍ഹത്തിലോ ഡോളറിലോ മാത്രം ഇടപാടുകള്‍ ഇന്ത്യന്‍ രൂപയിലൂടെ പുതിയ വഴികള്‍ തുറന്നതോടെ കച്ചവടം പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണ് യു.എ.ഇയിലെ ബിസിനസ് സ്ഥാപനങ്ങള്‍.

യു.എ.ഇയില്‍ അധിവസിക്കുന്ന പ്രവാസി സമൂഹങ്ങളില്‍ ഏറ്റവും പ്രബലരായ വിഭാഗമാണ് ഇന്ത്യക്കാരുടേത്. 35 ലക്ഷത്തോളം ഇന്ത്യക്കാരാണ് ഇവിടെയുള്ളത്. യു.എ.ഇയുടെ മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്നോളം വരുമിത്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ രൂപയില്‍ ഇടപാടുകള്‍ നടത്താനുള്ള അവസരമൊരുങ്ങുന്നത് പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ സമൂഹവും ഒപ്പം യു.എ.ഇയിലെ കച്ചവടക്കാരും നോക്കിക്കാണുന്നത്. ക്രൂഡ് ഓയില്‍, പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് പുറമെ ഇന്ത്യയിലേക്ക് യു.എ.ഇയില്‍ ഇന്നും ഏറ്റവുമധികം എത്തുന്ന ഉത്പന്നങ്ങളില്‍ പ്രധാനം ആഭരണങ്ങളാണ്. ഇന്ത്യന്‍ വിപണിയുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് മെച്ചപ്പെട്ട വിലയാണ് ഇവിടെയുള്ളത്. യു.എ.ഇയിലേക്ക് ഹ്രസ്വസന്ദര്‍ശനത്തിന് എത്തുന്നവര്‍ക്കും സ്വര്‍ണാഭരണങ്ങള്‍ ഇന്ത്യന്‍ രൂപയില്‍ തന്നെ സ്വന്തമാക്കാന്‍ പുതിയ ഇടപാടുരീതിയിലൂടെ സാധിക്കും. സ്വര്‍ണ വജ്രാഭരണങ്ങള്‍ ഏറ്റവുമധികമായി ഉപയോഗിക്കുന്നതും ഇന്ത്യക്കാരാണ്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ളവര്‍ അധിവസിക്കുന്ന ഇടമാണ് യു.എ.ഇ എങ്കിലും ആഭരണകമ്പക്കാര്‍ കൂടുതലുള്ളത് ഇന്ത്യയില്‍ നിന്നുതന്നെയാണ്. കുടുംബസമേതം യു.എ.ഇ സന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക് പുതിയ ഇടപാടുരീതി കാര്യങ്ങള്‍ എളുപ്പമാക്കും. ഇത് വിപണിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് കച്ചവടക്കാര്‍ കണക്കാക്കുന്നു. 2023 ല്‍ ദുബായില്‍ മാത്രം സന്ദര്‍ശനം നടത്തിയവരില്‍ ഏറ്റവും കൂടുതല്‍പ്പേര്‍ ഇന്ത്യയില്‍ നിന്നുള്ളതാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ വലിയ വിപണികൂടിയാണ് യു.എ.ഇ. പ്രധാനമായും നൂതന മൊബൈല്‍ ഫോണുകള്‍ അടക്കമുള്ളവയ്ക്ക് ഇന്ത്യയില്‍ ഈടാക്കുന്ന വിലയേക്കാള്‍ കാര്യമായ കുറവാണ് ഇവിടെയുള്ളത്. സ്വന്തം ഉപയോഗത്തിനായുള്ള അത്തരം ഉപകരണങ്ങള്‍ യു.എ.ഇയില്‍ നേരിട്ടെത്തി രൂപയില്‍ ഇടപാടുകള്‍ നടത്തി മടങ്ങിയാലും കാര്യമായ നഷ്ടം സംഭവിക്കില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ സന്ദര്‍ശകരായി എത്തുന്നവരില്‍ വലിയ പ്രതീക്ഷയാണ് യു.എ.ഇ കച്ചവടസമൂഹം വച്ചുപുലര്‍ത്തുന്നത്.

ആഭരണ ശാലകള്‍ക്കും ഇലക്ട്രോണിക് ഉത്പന്ന വിപണിക്കും പുറമെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ചില്ലറവില്പന ശാലകളിലും ഇതിന്റെ പ്രതിഫലനങ്ങള്‍ പ്രതീക്ഷിക്കാം. യു.എ.ഇ സന്ദര്‍ശിക്കുന്നവര്‍ ഇന്ത്യന്‍ രൂപ മാറ്റി ദിര്‍ഹം കൈയ്യില്‍ വെക്കുമ്പോഴുള്ള രീതിയിലാകില്ല സ്വന്തം ഇടപാടുരീതി തന്നെ നടപ്പാക്കുമ്പോള്‍. മറ്റ് സംവിധാനങ്ങളെ ഒന്നും ആശ്രയിക്കാതെ അക്കൗണ്ടിലുള്ള പണം ചെലവഴിക്കാന്‍ അവസരം ലഭിക്കുന്നതോടെ യു.എ.ഇയിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് അന്യതാബോധം ഒഴിവാകും. ഇത് കാര്യങ്ങളെ എളുപ്പമാക്കുമെന്നും കച്ചവടസമൂഹം പ്രതീക്ഷിക്കുന്നു.