സംഭവത്തിന്റെ സിസിടിവി ദൃശ്യം | Screengrab: x.com/JanSunwaiBharat

ജോധ്പുര്‍ : രാജസ്ഥാനില്‍ പാല്‍വണ്ടി തട്ടിയെടുത്ത് ഡ്രൈവറെ കൊള്ളയടിച്ച സംഭവത്തില്‍ മൂന്ന് എം.ബി.ബി.എസ്. വിദ്യാര്‍ഥികള്‍ അറസ്റ്റിലായി. ജോധ്പുര്‍ എസ്.എന്‍. മെഡിക്കല്‍ കോളേജിലെ അവസാനവര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥി വികാസ് ബിഷ്‌ണോയി(22) മൂന്നാംവര്‍ഷ വിദ്യാര്‍ഥികളായ മഹേഷ് ബിഷ്‌ണോയി(22) ഓംപ്രകാശ് ജാട്ട്(23) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

എസ്.എന്‍. മെഡിക്കല്‍ കോളേജ്, ജോധ്പുര്‍ എയിംസ് എന്നിവിടങ്ങളിലെ രണ്ട് എം.ബി.ബി.എസ്. വിദ്യാര്‍ഥികള്‍ കൂടി കേസിലെ പ്രതികളാണ്. ഇരുവരും ഒളിവിലാണെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

ഞായറാഴ്ച രാത്രിയാണ് എം.ബി.ബി.എസ്. വിദ്യാര്‍ഥികളായ അഞ്ചുപേര്‍ പാലുമായി വന്ന വാന്‍ കൊള്ളയടിച്ചത്. എം.ഡി.എം. ആശുപത്രിക്ക് മുന്നിലെ ഗേറ്റില്‍വെച്ച് അഞ്ചംഗസംഘം പാല്‍വണ്ടി തടയുകയായിരുന്നു. പിന്നാലെ ഡ്രൈവറോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. പുറത്തിറങ്ങിയ ഡ്രൈവറെ പ്രതികള്‍ കൈയേറ്റം ചെയ്യുകയും ഇയാളെ തള്ളിമാറ്റിയശേഷം വാഹനം തട്ടിയെടുത്ത് സ്ഥലംവിടുകയുമായിരുന്നു. ഡ്രൈവറുടെ കൈയിലുണ്ടായിരുന്ന 4600 രൂപയും പ്രതികള്‍ അപഹരിച്ചിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.