Photo: AFP

ബെര്‍ലിന്‍ : ഇത്തവണത്തെ യൂറോ കപ്പ് ടൂര്‍ണമെന്റോടെ താരപദവിയിലേക്കുയര്‍ന്നിരിക്കുകയാണ് സ്പാനിഷ് താരം ലമിന്‍ യമാല്‍. സ്‌പെയിനിന്റെ കിരീട നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് യമാലായിരുന്നു. ടൂര്‍ണമെന്റില്‍ നാല് അസിസ്റ്റും ഒരു ഗോളും സ്വന്തമാക്കിയ 17-കാരനായ യമാലിനായിരുന്നു മികച്ച യുവതാരത്തിനുള്ള പുരസ്‌കാരവും. ബെര്‍ലിനില്‍ നടന്ന ഫൈനലില്‍ ഇംഗ്ലണ്ടിനെ കീഴടക്കി കിരീടം നേടിയതിനു പിന്നാലെ സ്പാനിഷ് താരങ്ങളെല്ലാം ആഘോഷത്തിലായിരുന്നു. ഇതിനിടെ വിജയത്തിന്റെ ആവേശത്തില്‍ ഡ്രസ്സിങ് റൂമില്‍ യമാല്‍ കാണിച്ച ഒരു അബദ്ധം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കിരീടനേട്ടത്തിനു പിന്നാലെ സ്പാനിഷ് ഡ്രസ്സിങ് റൂമില്‍ നിന്നും യമാല്‍ ഇന്‍സ്റ്റാഗ്രാം ലൈവ് ചെയ്തു. ഇതില്‍ ഏതാനും സ്പാനിഷ് താരങ്ങള്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങളടക്കം ഉള്‍പ്പെട്ടിരുന്നു. അഞ്ചു ലക്ഷം പേരാണ് യമാലിന്റെ ലൈവ് കണ്ടുകൊണ്ടിരുന്നത്.

പെട്ടെന്നു തന്നെ ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു.