കൊളിൻസ് ജുമൈഷി ഖലുഷ

നെയ്‌റോബി : കെനിയയില്‍ ഭാര്യയടക്കം 42 സ്ത്രീകളെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന പരമ്പരക്കൊലയാളിയെ പോലീസ് അറസ്റ്റുചെയ്തു. 33 വയസ്സുള്ള കൊളിന്‍സ് ജുമൈഷി ഖലുഷയാണ് പോലീസിന്റെ പിടിയിലായത്. രണ്ടുവര്‍ഷത്തിനുള്ളില്‍ ഭാര്യയടക്കം 42 സ്ത്രീകളെ കൊന്നശേഷം വികൃതമാക്കിയ മൃതദേഹങ്ങള്‍ വീടിനടുത്തുള്ള മാലിന്യക്കൂമ്പാരത്തില്‍ വലിച്ചെറിഞ്ഞെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തിയതായി പോലീസ് പറഞ്ഞു.

വെള്ളിയാഴ്ചമുതല്‍ ആകെ ഒമ്പത് മൃതദേഹങ്ങളാണ് പ്ലാസ്റ്റിക് കവറുകളില്‍ കെട്ടിയനിലയില്‍ നെയ്‌റോബിയിലെ മുകുരു ചേരിപ്രദേശത്തെ മാലിന്യക്കൂമ്പാരത്തില്‍നിന്ന് കണ്ടെടുത്തത്. ഇതിനെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഖലുഷി പിടിയിലായത്.

നെയ്‌റോബിയിലെ ഒരു ബാറിലിരുന്ന് യൂറോകപ്പ് കാണുന്നതിനിടയിലാണ് ഇയാള്‍ അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു. മനുഷ്യജീവന് വിലകല്പിക്കാത്ത പരമ്പരക്കൊലയാളിയാണ് ഖലുഷയെന്ന് ആക്ടിങ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഡഗ്ലസ് കഞ്ച പറഞ്ഞു. കൊലപ്പെടുത്തിയവരുടേതെന്ന് സംശയിക്കുന്ന സാധനങ്ങളും കയര്‍,കൈയുറ തുടങ്ങിയവയും ഖലുഷിയുടെ വീട്ടില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇയാള്‍ അടുത്ത ഇരയ്ക്കായുള്ള കരുനീക്കത്തിലായിരുന്നെന്ന് പോലീസ് അറിയിച്ചു.