അപകടത്തിന്റെ സിസിടിവി ദൃശ്യം | Photo Courtesy: NDTV
ന്യൂഡല്‍ഹി : പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ഓടിച്ച ആഡംബര കാറിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ ഇന്‍ഷുറന്‍സ് കമ്പനി 1.98 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി. ഡല്‍ഹിയില്‍ മെഴ്‌സിഡസ് ബെന്‍സ് കാറിടിച്ച് 32-കാരനായ സിദ്ധാര്‍ഥ് ശര്‍മ മരിച്ച കേസിലാണ് എം.എ.സി.ടി. കോടതി നഷ്ടപരിഹാരം വിധിച്ച് ഉത്തരവിട്ടത്.
കേസില്‍ 1.21 കോടി രൂപയാണ് നഷ്ടപരിഹാരത്തുകയായി കോടതി വിധിച്ചത്. ഇതിന്റെ പലിശയായ 77.61 ലക്ഷം രൂപ സഹിതം ആകെ 1.98 കോടി രൂപയാണ് ഇന്‍ഷുറന്‍സ് കമ്പനി സിദ്ധാര്‍ഥിന്റെ മാതാപിതാക്കള്‍ക്ക് നല്‍കേണ്ടത്. 30 ദിവസത്തിനുള്ളില്‍ പണം കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു.
ലൈസന്‍സില്ലാത്ത മകന്‍ വാഹനമോടിക്കുന്നത് തടയാന്‍ കഴിയാതിരുന്ന പിതാവിനും സംഭവത്തില്‍ ഉത്തരവാദിത്വമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പ്രായപൂര്‍ത്തിയാകാത്ത മകന്‍ കാറോടിക്കുന്നത് തടയേണ്ടതിന് പകരം പിതാവ് ഇക്കാര്യം അവഗണിക്കുകയാണ് ചെയ്തത്. ഇത് പിതാവ് മൗനാനുവാദം നല്‍കിയെന്നാണ് സൂചിപ്പിക്കുന്നതെന്നും കോടതി പറഞ്ഞു.
കാറോടിച്ച ആണ്‍കുട്ടിയുടെ പിതാവിന്റെ കമ്പനിയുടെ പേരിലാണ് മെഴ്‌സിഡസ് കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. അതിനാല്‍, സിദ്ധാര്‍ഥ് ശര്‍മയുടെ കുടുംബത്തിന് നല്‍കേണ്ട നഷ്ടപരിഹാരത്തുക പിതാവിന്റെ കമ്പനിയില്‍നിന്ന് ഈടാക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് കോടതി അനുവാദം നല്‍കിയിട്ടുണ്ട്.
2016 ഏപ്രില്‍ നാലിനാണ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ഓടിച്ച കാറിടിച്ച് സിദ്ധാര്‍ഥ് ശര്‍മ മരിച്ചത്. ഡല്‍ഹി സിവില്‍ലൈന്‍സ് മേഖലയിലായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുകയായിരുന്ന സിദ്ധാര്‍ഥിനെ അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ യുവാവ് ഇരുപതടിയോളം ഉയരത്തില്‍ ഉയര്‍ന്നുപൊങ്ങി. യുവാവിനെ ഇടിച്ചുതെറിപ്പിച്ച ശേഷം നടപ്പാതയിലേക്ക് ഇടിച്ചുകയറിയ കാര്‍, ടയര്‍ പൊട്ടിത്തെറിച്ചതിന് പിന്നാലെയാണ് നിന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും അന്ന് പുറത്തുവന്നിരുന്നു. കാറോടിച്ചിരുന്ന ആണ്‍കുട്ടിയും കൂട്ടുകാരും സംഭവത്തിന് പിന്നാലെ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. അശ്രദ്ധമായും അമിതവേഗത്തിലും കാറോടിച്ചതാണ് അപകടത്തിന് കാരണമായതെന്നായിരുന്നു പോലീസിന്റെ റിപ്പോര്‍ട്ട്.
