കണ്ണൂരിലെ സെയ്ന്റ് ആഞ്ചലോകോട്ട
കണ്ണൂര്‍ : വനിതാ സുഹൃത്തുമായി കോട്ടയിലെത്തിയ യുവാവിനെ പോലീസുകാരന്‍ ഭീഷണിപ്പെടുത്തി പണം വാങ്ങിയതായി പരാതി. കണ്ണൂരിലെ സെയ്ന്റ് ആഞ്ചലോകോട്ടയില്‍ സുരക്ഷാചുമതലയിലുള്ള പോലീസുകാരനെതിരെയാണ് പള്ളിക്കുന്ന് സ്വദേശിനി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. അന്വേഷണം ആരംഭിച്ചു.
കമിതാക്കളുടെ വീഡിയോ പകര്‍ത്തിയ പോലീസുകാരന്‍ അത് പുറത്തുവിടാതിരിക്കാന്‍ പണം ആവശ്യപ്പെട്ടെന്നാണ് പരാതി. പള്ളിക്കുന്നിലെ വനിതാ സുഹൃത്തുമായി കോട്ടയിലെത്തിയ കൊല്ലം സ്വദേശിയില്‍നിന്ന് ദൃശ്യം കാണിച്ച് ആദ്യഘട്ടത്തില്‍ 3,000 രൂപ വാങ്ങി. തുടര്‍ന്ന് യുവതിയോട് 25,000 രൂപ ആവശ്യപ്പെടുകയായിരുന്നു. അതിനായി ഗൂഗിള്‍ പേ നമ്പറും നല്‍കി. അതോടെ യുവതി കമ്മിഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
എട്ടുവര്‍ഷമായി ഡെപ്യൂട്ടേഷനില്‍ ടൂറിസം വകുപ്പിലാണ് ഈ പോലീസുകാരന്‍ ജോലിചെയ്യുന്നത്. കണ്ണൂര്‍ കോട്ടയിലെത്തുന്ന കമിതാക്കളുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പെണ്‍കുട്ടിയുടെ ഫോണിലേക്ക് അവ അയച്ച് ഭീഷണിപ്പെടുത്തി പോലീസുകാരന്‍ മുന്‍പും പണം ആവശ്യപ്പെട്ടതായി അറിയുന്നു.
