പ്രതി പി.അംബിക, കൊല്ലപ്പെട്ട അമ്മാളുവമ്മ

കാസര്‍കോട്: സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് വയോധികയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസില്‍ മകന്റെ ഭാര്യയെ ജീവപര്യന്തം തടവിനും പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു. കൊളത്തൂര്‍ ചേപ്പനടുക്കത്തെ പി.അംബികയെയാണ് (49) കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി എ.മനോജ് ശിക്ഷിച്ചത്. കൊളത്തൂര്‍ ചേപ്പനടുക്കത്തെ പരേതനായ നാരായണന്‍ നായരുടെ ഭാര്യ പുക്ലത്ത് അമ്മാളുവമ്മയാണ് (68) കൊല്ലപ്പെട്ടത്.

കൊലപാതകത്തിന് ജീവപര്യന്തംതടവും രണ്ടുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. തെളിവ് നശിപ്പിച്ചതിന് അഞ്ചുവര്‍ഷം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ യഥാക്രമം രണ്ടുവര്‍ഷം, ഒരുവര്‍ഷം വീതം അധികതടവും അനുഭവിക്കണം. കഴുത്ത് ഞെരിച്ചും തലയിണ ഉപയോഗിച്ച് മുഖത്തമര്‍ത്തിയും നൈലോണ്‍ കയര്‍ കഴുത്തിന് ചുറ്റിയും കൊലപ്പെടുത്തിയെന്നാണ് കേസ്.

2014 സെപ്റ്റംബറിലാണ് സംഭവം. വീടിന്റെ ചായ്പില്‍ കിടന്നുറങ്ങുകയായിരുന്ന അമ്മാളുവമ്മയെ കൊലപ്പെടുത്തിയശേഷം കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാനായി മൃതദേഹം കെട്ടിത്തൂക്കുകയും ചെയ്തുവെന്ന് കുറ്റപത്രം പറയുന്നു. രണ്ടും മൂന്നും പ്രതികളായ അമ്മാളുവമ്മയുടെ മകന്‍ കമലാക്ഷന്‍ (57), ചെറുമകന്‍ ശരത് (29) എന്നിവരെ കോടതി വെറുതേ വിട്ടിരുന്നു.

അമ്മാളുവമ്മയുടെ പേരിലുള്ള സ്ഥലംവിറ്റ് പ്രതികളുടെ പേരില്‍ വാങ്ങിയ സ്ഥലം തിരിച്ചെഴുതിത്തരണമെന്നാവശ്യപ്പെട്ടതിലുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ബേഡകം പോലീസെടുത്ത കേസില്‍ പ്രാഥമികാന്വേഷണം നടത്തിയത് ബേഡകം എസ്.ഐ. ആയിരുന്ന കെ.ആനന്ദനും തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് ആദൂര്‍ ഇന്‍സ്‌പെക്ടറായിരുന്ന എ.സതീഷ്‌കുമാറുമാണ്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ ഇ.ലോഹിതാക്ഷന്‍, ആതിര ബാലന്‍ എന്നിവര്‍ ഹാജരായി.

കൊലപാതകമെന്ന് ആദ്യം പറഞ്ഞത് ഫൊറന്‍സിക് സര്‍ജന്‍

കാസര്‍കോട്: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മക്കളുടെ ക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ട കൊളത്തൂര്‍ ചേപ്പനടുക്കത്തെ പുക്ലത്ത് അമ്മാളുവമ്മയുടെ (68) മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്ന് ആദ്യമായി പറഞ്ഞത് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് സര്‍ജനായിരുന്ന ഡോ. എസ്. ഗോപാലകൃഷ്ണപിള്ളയാണ്. ഇവരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് മൃതദേഹപരിശോധനയിലാണ് കണ്ടെത്തിയത്.

കൊല്ലപ്പെടുമ്പോള്‍ അമ്മാളുവമ്മ കിടന്നിരുന്ന വീട്ടിലെ ചായ്പും ഫൊറന്‍സിക് സര്‍ജന്‍ സന്ദര്‍ശിച്ചിരുന്നു. ഇവിടെ ഇവര്‍ തൂങ്ങിയനിലയില്‍ കാണപ്പെട്ട കഴുക്കോലിന് ഇവരുടെ ശരീരഭാരം താങ്ങാനുള്ള ശേഷിയില്ലെന്നും അദ്ദേഹം കണ്ടെത്തി. നിലംമുട്ടുന്നരീതിയില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ തല ഉയര്‍ന്നുനില്‍ക്കുകയായിരുന്നതും ആത്മഹത്യ അല്ലെന്ന സംശയത്തെ ബലപ്പെടുത്തിയിരുന്നു. ‘ലക്ഷണമൊത്ത കൊലപാതകമാണെന്ന കണ്ടെത്തലുകളാണ് പോസ്റ്റ്‌മോര്‍ട്ടത്തിലും മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്നും ലഭിച്ചത്. അതിനാലാണ് ഇവരുടെ മരണം കൊലപാതമാണെന്നുറപ്പിച്ചത്’ – സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് കഴിഞ്ഞവര്‍ഷം സ്വയംവിരമിച്ച് പരിയാരത്തെ വീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന കൊല്ലംകാരനായ ഡോ. എസ്. ഗോപാലകൃഷ്ണപിള്ള പറയുന്നു.

എന്നാല്‍, പ്രോസിക്യൂഷന്റെ ഈ വാദം ഖണ്ഡിക്കാന്‍ പ്രതിഭാഗം പ്രശസ്ത ഫൊറന്‍സിക് സര്‍ജനായിരുന്ന ഡോ. ഷേര്‍ളി വാസുവിനെ ഹാജരാക്കിയിരുന്നു. അമ്മാളുവമ്മയുടെ മരണം ആത്മഹത്യയാണെന്നും കൊലപാതമല്ലെന്നും തെളിയിക്കുന്നതിനായിരുന്നു ഇവരെ പ്രതിഭാഗം വിചാരണസമയത്ത് വിസ്തരിച്ചത്.

പ്രതികള്‍ കൃത്യം നടത്തിയിട്ട് ആത്മഹത്യയാണെന്നു വരുത്തിതീര്‍ക്കാനുള്ള ശ്രമമാണിതെന്നു തുടക്കത്തില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

കൊലപാതകത്തിലേക്ക് നയിച്ചത് സ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കം

കൊല്ലപ്പെട്ട അമ്മാളുവമ്മയുടെ പേരിലുണ്ടായിരുന്ന 70 സെന്റ് വിറ്റ് മറ്റൊരു സ്ഥലം വാങ്ങിയിരുന്നു. ഇത് മകന്റെയും ഭാര്യയുടെയും പേരിലാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. സ്വത്ത് ലഭിച്ചതോടെ മക്കള്‍ തന്നെ അവഗണിക്കാനും വീട്ടില്‍ ടി.വി. കാണാനോ ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനോ അനുവാദിക്കാതെയുമായതോടെ സ്ഥലം തന്റെ പേരിലേക്ക് മാറ്റിത്തരണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

ഇതേച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മാളുവമ്മയെ കൈകൊണ്ട് കഴുത്തുഞെരിച്ചും മുഖത്ത് തലയണ അമര്‍ത്തിയും നൈലോണ്‍ കയര്‍ കഴുത്തില്‍ ചുറ്റിയുമാണ് ശ്വാസം മുട്ടിച്ച് കൊന്നതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കഴുത്ത് ഞെരിക്കുന്നതിനിടെ അമ്മാളുവമ്മയുടെ വായില്‍നിന്നും മൂക്കില്‍നിന്നും രക്തം പുറത്തേക്ക് തെറിച്ചിരുന്നു. ഇതും പ്രതികള്‍ക്കെതിരായ തെളിവുകളായി പ്രോസിക്യൂഷന്‍ ഉപയോഗിച്ചു.