അപകടത്തിൽപ്പെട്ട കാർ(ഇടത്ത്) പ്രവീണും കുടുംബവും(വലത്ത്) | Photo Courtesy: x.com/Delhiite_ & Youtube.com/V6 News Telugu
ഹൈദരാബാദ് : തെലങ്കാനയിലെ ഖമ്മത്ത് ഒന്നരമാസം മുന്‍പുണ്ടായ വാഹനാപകടക്കേസില്‍ വന്‍ ട്വിസ്റ്റ്. സംഭവം കൊലപാതകമാണെന്നും യുവതിയെയും രണ്ടുമക്കളെയും കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് കാര്‍ മരത്തിലേക്ക് ഇടിച്ചുകയറ്റിയതാണെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തില്‍ പ്രതിയായ ഖമ്മം സ്വദേശി ബി.പ്രവീണിനെ പോലീസ് അറസ്റ്റ് ചെയ്തു.
ആശുപത്രി ജീവനക്കാരനായ പ്രവീണും സഹപ്രവര്‍ത്തകയായ നഴ്‌സും അടുപ്പത്തിലായിരുന്നു. രഹസ്യബന്ധത്തിന് ഭാര്യയും മക്കളും തടസ്സമായതിനാലാണ് ഇയാള്‍ മൂവരെയും കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
കഴിഞ്ഞ മെയ് 28-നാണ് പ്രവീണ്‍ ഓടിച്ചിരുന്ന കാര്‍ ഖമ്മത്ത് അപകടത്തില്‍പ്പെട്ടത്. അപകടത്തിന് പിന്നാലെ പ്രവീണിന്റെ ഭാര്യ ബി.കുമാരി മക്കളായ കൃതിക(3) കൃഷിക(4) എന്നിവരെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. കാറോടിച്ച പ്രവീണിനെ സാരമായ പരിക്കുകളോടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തിലാണ് കുമാരിയും രണ്ട് മക്കളും മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. അതേസമയം, സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കുമാരിയുടെ ബന്ധുക്കള്‍ പരാതി ഉന്നയിച്ചതോടെ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് മൂവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. വിശദമായ മൃതദേഹ പരിശോധനയിലാണ് കുമാരിയുടെയും മക്കളുടെയും മരണം കൊലപാതകമെന്ന് തെളിഞ്ഞത്.
അമിതമായ അളവില്‍ അനസ്തേഷ്യ നല്‍കിയാണ് ആശുപത്രി ജീവനക്കാരനായ പ്രവീണ്‍ ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍. മക്കളെ ഇയാള്‍ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു. മൂവരെയും കാറില്‍വെച്ച് കൊലപ്പെടുത്തിയശേഷം സംഭവം അപകടമരണമായി ചിത്രീകരിക്കാന്‍ ഇയാള്‍ റോഡരികിലെ മരത്തിലേക്ക് കാറോടിച്ച് കയറ്റുകയായിരുന്നു.
പ്രതിയായ പ്രവീണ്‍ ഹൈദരാബാദിലെ ആശുപത്രിയില്‍ ജീവനക്കാരനാണ്. കുടുംബത്തോടൊപ്പം ഹൈദരാബാദില്‍ തന്നെയായിരുന്നു ഇയാളുടെ താമസം. അടുത്തിടെ ആശുപത്രിയിലെ നഴ്‌സായ യുവതിയുമായി പ്രവീണ്‍ അടുപ്പത്തിലായി. എന്നാല്‍, ഇക്കാര്യം അറിഞ്ഞതോടെ കുമാരി ഭര്‍ത്താവിന്റെ രഹസ്യബന്ധത്തെ എതിര്‍ത്തു. സ്വന്തം മാതാപിതാക്കളെയും ഭര്‍ത്താവിന്റെ മാതാപിതാക്കളെയും ഇവര്‍ വിവരമറിയിച്ചു. ഇതോടെ പ്രവീണിന്റെ അച്ഛന്‍ ഇയാള്‍ക്ക് താക്കീത് നല്‍കി. ഹൈദരാബാദിലെ ജോലി ഉപേക്ഷിച്ച് കുടുംബത്തോടൊപ്പം നാട്ടിലേക്ക് മടങ്ങാനും പിതാവ് ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഹൈദരാബാദില്‍നിന്ന് സ്വദേശമായ ഖമ്മത്തേക്ക് മടങ്ങുന്നതിന് മുന്‍പാണ് പ്രവീണ്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയത്.
സംഭവദിവസം നാട്ടിലേക്കുള്ള യാത്രയ്ക്ക് മുന്‍പാണ് പ്രവീണ്‍ ഭാര്യയ്ക്ക് അനസ്‌തേഷ്യ കുത്തിവെച്ചത്. നേരത്തെ പ്രവീണില്‍നിന്ന് കുമാരി കാത്സ്യം ഗുളികകള്‍ വാങ്ങിക്കഴിച്ചിരുന്നു. അതിനാല്‍ കാത്സ്യം മരുന്നാണെന്ന വ്യാജേനയാണ് കാറില്‍വെച്ച് ഇയാള്‍ അനസ്‌തേഷ്യ നല്‍കിയത്. തുടര്‍ന്ന് രണ്ട് മക്കളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്തു. ഇതിനുശേഷമാണ് കാര്‍ മരത്തിലിടിച്ച് കയറ്റി അപകടമുണ്ടാക്കിയതെന്നും പോലീസ് പറഞ്ഞു.
