മുകേഷ് സാഹ്നി, പ്രദേശത്ത് നിന്ന് | Photo: Twitter:@sonofmallah, IANS

പട്ന: വികാസ്‌ശീൽ ഇൻസാൻ പാർട്ടി (വിഐപി) നേതാവും ബിഹാറിലെ മുൻ മന്ത്രിയുമായിരുന്ന മുകേഷ് സാഹ്നിയുടെ പിതാവ് വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ. ബിഹാറിലെ ദർബം​ഗയിലെ വസതിയിൽ വെച്ച് ചൊവ്വാഴ്ച രാവിലെയാണ് സാഹ്നിയുടെ പിതാവ് ജിതൻ സാഹ്നിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

വികൃതമാക്കിയ നിലയിൽ കട്ടിലിൽ കിടക്കുകയായിരുന്നു മൃതദേഹം. ക്രൂരമായ കൊലപാതകത്തിന്റെ ഞെട്ടലിലാണ് പ്രദേശവാസികൾ. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. മോഷണത്തിനായി വീട്ടിൽക്കയറിയവർ ജിതൻ സാഹ്നി എതിർത്തപ്പോൾ കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസ് പറയുന്നത്.

ഇന്ത്യാസഖ്യത്തിലെ കക്ഷിയായ വികാസ്‌ശീൽ ഇൻസാൻ പാർട്ടി ഒ.ബി.സി വിഭാ​ഗത്തിനിടയിൽ നല്ല സ്വാധീനമാണ്. സംഭവത്തിൽ നിതീഷ് കുമാർ സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി ആർ.ജെ.ഡി. രം​ഗത്തെത്തി. ബിഹാറിൽ എന്താണ് സംഭവിക്കുന്നതെന്ന് ആർ.ജെ.ഡി. വക്താവ് ചോദിച്ചു.