കൊല്ലപ്പെട്ട എം.ബി.എ. വിദ്യാർഥികൾ | Screengrab Courtesy: Youtube.com/ Nandighosha TV

ഭുവനേശ്വര്‍ : പ്രണയത്തില്‍നിന്ന് പിന്മാറിയതിന്റെ പകയില്‍ യുവതിയെയും സഹപാഠിയെയും യുവാവ് കുത്തിക്കൊന്നു. ഒഡിഷയിലെ സുന്ദര്‍ഘട്ട് സ്വദേശിയും എം.ബി.എ. വിദ്യാര്‍ഥിനിയുമായ ലിപ്‌സ(25) സഹപാഠി പ്രതാപ് ലര്‍ക്ക(26) എന്നിവരാണ് കൊല്ലപ്പെട്ടത്. ലിപ്‌സയുടെ വീട്ടിലെ മുന്‍ ഡ്രൈവറായിരുന്ന രാജുനാഗ് ആണ് ഇരുവരെയും കൊലപ്പെടുത്തിയതെന്നും സംഭവത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍പോയിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.

ഞായറാഴ്ച രാത്രിയാണ് രാജുനാഗ് ലിപ്‌സയുടെ വീട്ടിലെത്തി ആക്രമണം നടത്തിയത്. ലിപ്‌സയുടെ വീട്ടില്‍ നേരത്തെ ഡ്രൈവറായി ജോലിചെയ്തിരുന്നയാളാണ് രാജു. ഇതിനിടെ രാജുവും ലിപ്‌സയും അടുപ്പത്തിലായി. അടുത്തിടെ ലിപ്‌സ ബന്ധത്തില്‍നിന്ന് പിന്മാറിയെങ്കിലും പ്രതി ഉപദ്രവം തുടങ്ങി. ഇത് പെണ്‍കുട്ടിയുടെ പഠനത്തെപ്പോലും ബാധിച്ചെന്നും പോലീസ് പറയുന്നു.

സംഭവദിവസം രാത്രി പത്തുമണിയോടെയാണ് പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ ആദ്യം ഫോണില്‍വിളിച്ച ഇയാള്‍ താന്‍ പത്തുമണിയോടെ വീട്ടില്‍വരുമെന്ന് അറിയിച്ചിരുന്നു. വീട്ടിലെത്തിയശേഷം ലിപ്‌സയെ തനിക്കൊപ്പം വിട്ടയക്കണമെന്ന് പ്രതി ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇതിന് വിസമ്മതിച്ചതോടെ പ്രതി ബലംപ്രയോഗിച്ച് പെണ്‍കുട്ടിയുടെ മുറിക്കുള്ളിലേക്ക് കയറി. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ഇതിനുപിന്നാലെ പ്രതി പെണ്‍കുട്ടിയെ കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു.

പെണ്‍കുട്ടിയുടെ കഴുത്തിലും കൈയിലും പുറത്തും കുത്തേറ്റതായാണ് പോലീസ് പറയുന്നത്. തടയാന്‍ശ്രമിച്ച മാതാപിതാക്കളെയും പ്രതി ആക്രമിച്ചു. ഇവരെ മുറിയില്‍ പൂട്ടിയിട്ടു. ഈ സമയത്താണ് മറ്റൊരു മുറിയിലുണ്ടായിരുന്ന പ്രതാപ് പുറത്തേക്കെത്തി പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചത്. എന്നാല്‍, പ്രതാപിനെയും രാജുനാഗ് കുത്തിപ്പരിക്കേല്‍പ്പിച്ചു. മാരകമായി കുത്തേറ്റെങ്കിലും പ്രതാപ് ലിപ്‌സയുടെ മാതാപിതാക്കളുടെ മുറിതുറന്ന് ഇവരെ മോചിപ്പിച്ചു. ഇതോടെ പ്രതി വീണ്ടും പ്രതാപിനെ ആക്രമിക്കുകയും പിന്നാലെ വീട്ടില്‍നിന്ന് കടന്നുകളയുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ നാലുപേരെയും അയല്‍ക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, ലിപ്‌സയും പ്രതാപും മരണപ്പെട്ടിരുന്നു.

കൊല്ലപ്പെട്ട ലിപ്‌സയും പ്രതാപും റൂര്‍ക്കേലയിലെ സ്വകാര്യകോളേജിലെ എം.ബി.എ. വിദ്യാര്‍ഥികളാണ്. വെള്ളിയാഴ്ച കോളേജിലെ പരീക്ഷ കഴിഞ്ഞശേഷമാണ് പ്രതാപ് ലിപ്‌സയുടെ വീട്ടിലെത്തിയത്. സഹപാഠിയുടെ വീട്ടില്‍ തങ്ങിയശേഷം തിങ്കളാഴ്ച രാവിലെ സ്വദേശത്തേക്ക് മടങ്ങാനാരിക്കെയാണ് പ്രതാപ് കൊല്ലപ്പെട്ടത്.