കൊല്ലപ്പെട്ട ബാലസുബ്രഹ്‌മണ്യം | Photo Courtesy: x.com/mannar_mannan & x.com/cliQIndiaMedia

മധുര: ബി.എസ്.പി. സംസ്ഥാന അധ്യക്ഷനെ കൊലപ്പെടുത്തിയതിന്റെ നടുക്കം മാറുംമുന്‍പേ തമിഴ്‌നാട്ടില്‍ മറ്റൊരു രാഷ്ട്രീയനേതാവ് കൂടി കൊല്ലപ്പെട്ടു. നാം തമിഴര്‍ കക്ഷി പാര്‍ട്ടിയുടെ ഭാരവാഹിയായ സി. ബാലസുബ്രഹ്‌മണ്യനെയാണ് നാലംഗസംഘം വെട്ടിക്കൊന്നത്. ചൊവ്വാഴ്ച രാവിലെ മധുരയിലെ ചിന്നചൊക്കിക്കുളത്തായിരുന്നു സംഭവം.

പ്രഭാതസവാരിക്കിറങ്ങിയ ബാലസുബ്രഹ്‌മണ്യത്തെ പിന്തുടര്‍ന്നെത്തിയ നാലംഗസംഘമാണ് ആക്രമിച്ചത്. അക്രമികളെ കണ്ട് ബാലസുബ്രഹ്‌മണ്യം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അക്രമിസംഘം ഇദ്ദേഹത്തെ റോഡിലിട്ട് മാരകമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാര്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ചിന്നചൊക്കിക്കുളത്തെ വല്ലഭായ് സ്ട്രീറ്റിലാണ് കൊലപാതകം നടന്നത്. സംസ്ഥാന ഐ.ടി. വകുപ്പ് മന്ത്രി പളനിവേല്‍ ത്യാഗരാജന്‍ ഉള്‍പ്പെടെ ഉന്നതരും രാഷ്ട്രീയനേതാക്കളും താമസിക്കുന്ന മേഖലയാണിത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ബാലസുബ്രഹ്‌മണ്യത്തിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി രാജാജി ആശുപത്രിയിലേക്ക് മാറ്റി.

ദിവസങ്ങള്‍ക്ക് മുന്‍പാണ് ബി.എസ്.പി. തമിഴ്‌നാട് അധ്യക്ഷന്‍ കെ. ആംസ്‌ട്രോങ്ങിനെ അക്രമിസംഘം വെട്ടിക്കൊന്നത്. ചെന്നൈ പെരമ്പൂരിലായിരുന്നു സംഭവം. ആംസ്‌ട്രോങ് വധക്കേസിലെ പ്രതികളിലൊരാള്‍ കഴിഞ്ഞദിവസം പോലീസ് ഏറ്റുമുട്ടലിലും കൊല്ലപ്പെട്ടിരുന്നു.