ഹർഷദ്
കോഴിക്കോട്: താമരശ്ശേരിയില്‍നിന്ന് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയെന്ന് കരുതുന്ന യുവാവിനെ കണ്ടെത്താനായില്ല. കോഴിക്കോട് ചെറുവറ്റ സ്വദേശി ഹര്‍ഷദിനേ(33)ക്കുറിച്ചാണ് ഇതുവരെ വിവരമൊന്നും ലഭിക്കാത്തത്. ശനിയാഴ്ച രാത്രിയാണ് ഹര്‍ഷദിനെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്.
ശനിയാഴ്ച താമരശ്ശേരിയിലെ ഭാര്യവീട്ടിലെത്തിയ ഹര്‍ഷദ് ഒരു ഫോണ്‍കോള്‍ വന്നെന്ന് പറഞ്ഞാണ് അര്‍ധരാത്രി 12.30-ഓടെ പുറത്തേക്ക് പോയത്. പിന്നീട് യുവാവ് തിരിച്ചെത്തിയില്ല. പിറ്റേദിവസം ഹര്‍ഷദിനെ കാണാനില്ലെന്ന് ഭാര്യ താമരശ്ശേരി പോലീസില്‍ പരാതിയും നല്‍കി. എന്നാല്‍, ഇതേദിവസം തന്നെ ഹര്‍ഷദിനെ വിട്ടയക്കണമങ്കില്‍ പത്തുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് വീട്ടുകാര്‍ക്ക് ഫോണ്‍കോള്‍ വന്നു.
തന്നെ തട്ടിക്കൊണ്ടുപോയെന്നും വിട്ടയക്കാന്‍ പത്തുലക്ഷം രൂപയാണ് ആവശ്യപ്പെടുന്നതെന്നും ഹര്‍ഷദ് തന്നെയാണ് ആദ്യം ഫോണില്‍ വിളിച്ചറിയിച്ചത്. തൊട്ടുപിന്നാലെ മറ്റൊരാള്‍കൂടി ഫോണില്‍ സംസാരിച്ചു. പത്തുലക്ഷം നല്‍കണമെന്നായിരുന്നു ഇയാളുടെയും ആവശ്യം. ഈ വിവരവും ബന്ധുക്കള്‍ താമരശ്ശേരി പോലീസിന് കൈമാറിയിരുന്നു.
അതിനിടെ, ഹര്‍ഷദിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കാര്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് വാടകയ്‌ക്കെടുത്ത വാഹനമാണെന്നാണ് വിവരം. കാറിന്റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ത്തനിലയിലായിരുന്നു. പോലീസെത്തി വാഹനം പിന്നീട് സ്റ്റേഷനിലേക്ക് മാറ്റി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് യുവാവിന്റെ തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പോലീസ് നല്‍കുന്ന സൂചന.
