സംഭവം നടന്ന ഹോട്ടൽ, ക്രിസ് ജോർജ് എബ്രഹാം

കൊച്ചി: കൊച്ചി നഗരമധ്യത്തിലെ നക്ഷത്ര ഹോട്ടലിന് മുകളില്‍നിന്ന് യുവാവ് ചാടിമരിച്ചു. പൊന്നുരുന്നി സ്വദേശിയായ ക്രിസ് ജോര്‍ജ് അബ്രഹാം (23) ആണ് കടവന്ത്രയിലെ ഹോട്ടലിന് മുകളില്‍നിന്ന് ചാടിയത്. യുവാവ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചതായാണ് വിവരം.

ക്രിസ് ടോമിന്റെ പക്കല്‍നിന്ന് പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ‘എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരന്ത്യമുണ്ട്. എന്റെ നല്ല കാര്യങ്ങള്‍ മരിക്കുമ്പോള്‍ ഞാനും മരിക്കും..’ എന്നായിരുന്നു ആത്മഹത്യാക്കുറിപ്പിലെ വാചകങ്ങള്‍. തന്നെ പള്ളി സെമിത്തേരിയില്‍ അടക്കണമെന്നും കുറിപ്പിലുണ്ട്.

തിങ്കളാഴ്ച ഉച്ചയോടെ ഹോട്ടലിലെത്തിയ ക്രിസ് ജോര്‍ജ് നേരേ മുകള്‍നിലയിലേക്ക് പോയി താഴേക്ക് ചാടുകയായിരുന്നു. ഇയാള്‍ ഹോട്ടലില്‍ മുറിയെടുത്തിരുന്നില്ലെന്നാണ് വിവരം. ഏറ്റവും മുകളില്‍ ബാര്‍ ഉള്ളതിനാല്‍ ഹോട്ടിലില്‍ താമസിക്കാത്തവര്‍ മുകളിലേക്ക് പോകുന്നത് സാധാരണമാണെന്ന് ജീവനക്കാര്‍ പറയുന്നു. മുമ്പ് ഹോട്ടലില്‍ പാടാനായി ക്രിസ് എത്തിയിട്ടുണ്ടെന്നും സൂചനയുണ്ട്.

പഠനം പൂര്‍ത്തിയാക്കി വിദേശത്തേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു ഇയാള്‍. മരണത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല. ക്രിസിന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികമായൊന്നും തോന്നിയിരുന്നില്ലെന്നാണ് വീട്ടുകാരും പറയുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.