Photo: AP

ഹരാരെ : സിംബാബ്വെയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യയ്ക്ക്. പരമ്പരയിലെ നാലാം മത്സരത്തില്‍ സിംബാബ്വെയെ 10 വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ പരമ്പര (3-1) സ്വന്തമാക്കിയത്. ശേഷിക്കുന്ന ഒരു മത്സരം ഞായറാഴ്ച നടക്കും. പരമ്പരയിലെ ആദ്യ മത്സരം പരാജയപ്പെട്ട ശേഷം തുടരെ മൂന്ന് മത്സരങ്ങള്‍ ജയിച്ചാണ് ഇന്ത്യ പരമ്പര വിജയം സ്വന്തമാക്കിയത്.

സിംബാബ്വെ ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം 15.2 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ ഇന്ത്യ മറികടന്നു. യശസ്വി ജയ്‌സ്വാള്‍, ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഓപ്പണിങ് സഖ്യത്തിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.

53 പന്തുകള്‍ നേരിട്ട് രണ്ട് സിക്‌സും 13 ഫോറുമടക്കം 93 റണ്‍സോടെ പുറത്താകാതെ നിന്ന ജയ്‌സ്വാളാണ് ടീമിന്റെ ടോപ് സ്‌കോറര്‍. 39 പന്തുകള്‍ നേരിട്ട ഗില്‍ രണ്ട് സിക്‌സും ആറ് ഫോറുമടക്കം 58 റണ്‍സെടുത്തു.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തിരുന്നു. ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ ഓപ്പണര്‍മാരായ റ്റഡിവനാഷെ മറുമാനി, വെസ്ലി മധെവെരെ എന്നിവരുടെ ഇന്നിങ്സുകളാണ് സിംബാബ്വെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 28 പന്തില്‍ നിന്ന് മൂന്ന് സിക്സും രണ്ട് ഫോറുമടക്കം 46 റണ്‍സെടുത്ത റാസയാണ് സിംബാബ്വെയുടെ ടോപ് സ്‌കോറര്‍.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങേണ്ടി വന്ന സിംബാബ്വെയ്ക്കായി മധെവെരെ – മറുമാനി ഓപ്പണിങ് സഖ്യം മികച്ച തുടക്കമാണ് സമ്മാനിച്ചത്. 8.4 ഓവറില്‍ ഇരുവരും ചേര്‍ന്ന് 63 റണ്‍സ് ചേര്‍ത്തു. 31 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറിയടക്കം 32 റണ്‍സെടുത്ത മറുമാനിയെ പുറത്താക്കി അഭിഷേക് ശര്‍മയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടടുത്ത ഓവറില്‍ മധെവെരെയെ ശിവം ദുബെയും പുറത്താക്കി. 24 പന്തില്‍ നിന്ന് മാല് ബൗണ്ടറിയടക്കം 25 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

തുടര്‍ന്ന് ബ്രയാന്‍ ബെന്നെറ്റിനെയും (9), ജൊനാഥന്‍ കാംബെല്ലിനെയും (3) പെട്ടെന്ന് മടക്കി ഇന്ത്യ കളിയില്‍ പിടിമുറുക്കി. എന്നാല്‍ മികച്ച ഇന്നിങ്സ് പുറത്തെടുത്ത റാസയാണ് സിംബാബ്വെ സ്‌കോര്‍ ഭേദപ്പെട്ട നിലയിലെത്തിച്ചത്. ഇന്ത്യയ്ക്കായി ഖലീല്‍ അഹമ്മദ് രണ്ടു വിക്കറ്റ് വീഴ്ത്തി. നേരത്തെ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയ്ക്കായി പേസര്‍ തുഷാര്‍ ദേശ്പാണ്ഡെ അരങ്ങേറ്റം കുറിച്ചു.