Photo: instagram.com/skysports

ബെര്‍ലിന്‍ (ജര്‍മനി): ഒരുവശത്ത് ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും മികച്ച ടീമായി വിലയിരുത്തപ്പെടുന്ന സ്‌പെയിന്‍. മറുവശത്ത് നിര്‍ണയകനിമിഷങ്ങളില്‍ അവസരത്തിനൊത്തുയരുന്ന ഇംഗ്ലണ്ട്. യൂറോ ഫുട്‌ബോള്‍ ഫൈനല്‍ ആവേശഭരിതമാവുമെന്നതില്‍ സംശയമില്ല. ഞായറാഴ്ച ഇന്ത്യന്‍ സമയം രാത്രി 12.30-നാണ് പോരാട്ടം.

കൗമാരവിസ്മയം ലമിന്‍ യമാലിന്റെ സാന്നിധ്യവും കരുത്തുറ്റമധ്യനിരയുമാണ് സ്‌പെയിനിനെ പ്രിയടീമാക്കുന്നത്. പതിനേഴാം പിറന്നാള്‍ ആഘോഷിക്കുന്ന യമാലിന് സമ്മാനമായി കിരീടം നല്‍കാന്‍കൂടിയാവും ടീം ഇറങ്ങുന്നത്. തുടരെ രണ്ടു യൂറോ കിരീടങ്ങളും ലോകകപ്പും സ്വന്തമാക്കിയ 2008-12 സുവര്‍ണകാലഘട്ടത്തിനുശേഷം ആദ്യമായാണ് ലാ റോജ ടീം ഫൈനല്‍ കളിക്കുന്നത്.

യമാല്‍ എന്ന യുവതാരത്തിന്റെ പിറവി ഈ യൂറോകപ്പില്‍ കണ്ടു. ഫ്രാന്‍സിനെതിരേയുള്ള ഒറ്റ ഗോള്‍ മതി ആ പ്രതിഭയറിയാന്‍. യമാലും സഹവിങ്ങര്‍ നിക്കോ വില്യംസും സ്പാനിഷ് ആക്രമണങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുമ്പോള്‍ മധ്യനിരയുടെ മികവ് ടീമിന് സ്ഥിരതനല്‍കുന്നു. റോഡ്രിയും ഫാബിയന്‍ റൂയിസുമാണ് സ്പാനിഷ് മിഡ്ഫീല്‍ഡിന്റെ അച്ചുതണ്ട്. ഡാനി ഓല്‍മോയും മികവുതെളിയിച്ചതോടെ സെന്‍ട്രല്‍ മിഡ്ഫീല്‍ഡും ഉണര്‍ന്നു. കരുത്തരായ ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ ടീമുകളെ മറികടന്നെത്തിയ സ്‌പെയിന്‍ ജയിച്ചാല്‍ നാലു യൂറോകിരീടങ്ങള്‍ (1964, 2008, 2012) നേടുന്ന ആദ്യടീമാകും.

2012-ലെ യൂറോ കപ്പ് വിജയത്തിനു ശേഷം സ്‌പെയിന്‍ ഇതാദ്യമായാണ് ഫൈനല്‍ കളിക്കുന്നത്. സസ്‌പെന്‍ഷന്‍ കാരണം സെമി ഫൈനല്‍ നഷ്ടമായ ഡാനി കാര്‍വഹാലും റോബിന്‍ ലെ നോര്‍മാന്‍ഡും ഡിഫന്‍സില്‍ തിരിച്ചെത്തുന്നത് സ്‌പെയിനിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.

പ്രതീക്ഷകളുടെ അമിതഭാരമില്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. വിരസമായ ശൈലിയുടെപേരില്‍ ആരാധകരോഷം നേരിട്ടെങ്കിലും ഫൈനലിലെത്താനായി. സ്വന്തം മണ്ണില്‍ 1966-ല്‍ ലോകകപ്പ് നേടിയശേഷം പ്രമുഖ ടൂര്‍ണമെന്റുകളിലൊന്നും വിജയിക്കാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ യൂറോ ഫൈനലില്‍ സ്വന്തംനാട്ടില്‍ ഇറ്റലിയോട് പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ തോറ്റു. 58 വര്‍ഷത്തിനിടയിലെ ആദ്യ കിരീടമാണ് ഇംഗ്ലണ്ട് ലക്ഷ്യം വെയ്ക്കുന്നത്.

ഇംഗ്ലണ്ട് പരിശീലകന്‍ ഗാരെത് സൗത്ത്‌ഗേറ്റും സ്പെയിന്‍ തന്നെയാണ് ഫൈനലിലെ മികച്ച ടീം എന്ന് സമ്മതിക്കുന്നു. എന്നാല്‍, തങ്ങളെ എഴുതിത്തള്ളരുതെന്നും മുന്നറിയിപ്പുനല്‍കുന്നു. കളിയുടെ ഗതി മാറ്റിമറിക്കാന്‍ കഴിവുള്ള ഒരുപിടി താരങ്ങളാണ് ഇംഗ്ലണ്ടിന്റെ കരുത്ത്.

തോല്‍വി തുറിച്ചുനോക്കവേ ഏതെങ്കിലും ഒരുതാരം ടീമിന്റെ രക്ഷകനാവുന്നു. പ്രീക്വാര്‍ട്ടറില്‍ സ്ലൊവാക്യക്കെതിരേ ഇഞ്ചുറി ടൈമില്‍ ഗോള്‍ നേടിയത് ജൂഡ് ബെല്ലിങ്ങാമായിരുന്നു. ക്വാര്‍ട്ടറില്‍ സ്വിസ് ടീമിനെതിരേ 80-ാം മിനിറ്റില്‍ ബുകായോ സാക്ക സമനിലഗോള്‍ കുറിച്ചു.

സെമിയില്‍ ഡച്ച് ടീമിനെതിരേ 90-ാം മിനിറ്റില്‍ പകരക്കാരന്‍ വാറ്റ്കിന്‍സ് വിജയഗോള്‍ കണ്ടെത്തി. ഫൈനലില്‍ സൗത്ത്ഗേറ്റിന്റെ രക്ഷകന്‍ ആരാവുമെന്നാണ് കാണാനുള്ളത്.