Photo: ANI

കൊല്‍ക്കത്ത : വിരാട് കോലിയെ മാറ്റി രോഹിത് ശര്‍മയെ ഇന്ത്യന്‍ ക്യാപ്റ്റനാക്കിയപ്പോള്‍ തന്നെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി സൗരവ് ഗാംഗുലി രംഗത്ത്. 2021-ലെ ടി20 ലോകകപ്പിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലെ വിവാദ സംഭവമായിരുന്നു ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നുള്ള കോലിയുടെ പുറത്താകല്‍. ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ച കോലിയെ മൂന്ന് ഫോര്‍മാറ്റിലെയും ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് ബിസിസിഐ മാറ്റുകയും പകരം രോഹിത് ശര്‍മയ്ക്ക് ചുമതല നല്‍കുകയുമായിരുന്നു. ഇതിന്റെ പേരില്‍ കടുത്ത വിമര്‍ശനമാണ് അന്ന് ബിസിസിഐ പ്രസിഡന്റായിരുന്ന ഗാംഗുലിക്ക് നേരിടേണ്ടിവന്നത്.

ഇപ്പോഴിതാ അന്ന് തന്നെ വിമര്‍ശിച്ചവര്‍ക്കെതിരേ കടുത്ത ഭാഷയില്‍ തന്നെ തിരിച്ചടിച്ചിരിക്കുകയാണ് ദാദ. അന്ന് നേരിട്ട വിമര്‍ശനങ്ങള്‍ അനുസ്മരിച്ച ഗാംഗുലി, ഇപ്പോള്‍ രോഹിത്തിനു കീഴിലുള്ള ഇന്ത്യന്‍ ടീമിന്റെ വിജയം നോക്കാന്‍ വിമര്‍ശകരോട് ആവശ്യപ്പെട്ടു. ബംഗാളി ദിനപ്പത്രമായ ആജ്കലിനോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചത്. രോഹിത്തിനു കീഴിലെ ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയം എല്ലാവരും ആഘോഷിച്ചെങ്കിലും രോഹിത്തിനെ ക്യാപ്റ്റനാക്കിയത് താനാണെന്ന കാര്യം എല്ലാവരും മറന്നുപോയെന്ന് ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

”ഞാന്‍ രോഹിത് ശര്‍മയെ ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം ഏല്‍പ്പിച്ചപ്പോള്‍ എല്ലാവരും എന്നെ വിമര്‍ശിച്ചു, ഇപ്പോള്‍ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ടി20 ലോകകപ്പ് നേടിയതിനാല്‍, എല്ലാവരും എന്നെ അധിക്ഷേപിക്കുന്നത് നിര്‍ത്തി. ഞാനാണ് രോഹിത്തിനെ ഇന്ത്യന്‍ ക്യാപ്റ്റനായി നിയമിച്ചത്, അത് എല്ലാവരും മറന്നുപോയെന്നാണ് ഞാന്‍ കരുന്നത്.”, ദാദ പറഞ്ഞു.