Photo: Getty Images

മയാമി : അർജന്റീനയും കൊളംബിയയും നേർക്കുനേർവരുന്ന കോപ്പ അമേരിക്ക ഫുട്‌ബോളിന്റെ ഫൈനൽ നിയന്ത്രിക്കാൻ ബ്രസീലിൽനിന്നുള്ള റഫറിപ്പട. മുഖ്യറഫറിയും രണ്ട് ലൈൻ റഫറിമാരും ബ്രസീലിൽനിന്നുള്ളവരാണ്. ഇവർക്കുപുറമേ വാർ പരിശോധനയുടെ ചുമതലയുള്ള റഫറിമാരും ബ്രസീലുകാരനാണ്. ബ്രസീൽ റഫറിമാരെ കിരീടപ്പോരാട്ടത്തിന് നിയോഗിച്ചതിനെതിരേ അർജന്റീനാ ആരാധകർ സാമൂഹികമാധ്യമങ്ങളിൽ കടുത്ത വിമർശനമാണ് നടത്തുന്നത്. തിങ്കളാഴ്ച പുലർച്ചെ 5.30-നാണ് കിരീടപ്പോരാട്ടം.

റാഫേൽ ക്ലോസാണ് ഫൈനലിലെ മുഖ്യറഫറി. 2020 കോപ്പയിൽ അർജന്റീന-പാരഗ്വായ് മത്സരം നിയന്ത്രിച്ചത് ക്ലോസായിരുന്നു. അന്ന് ക്ലോസിന്റെ തീരുമാനങ്ങൾക്കെതിരേ അർജന്റീനാ സൂപ്പർ താരം ലയണൽ മെസ്സി രംഗത്തുവന്നിരുന്നു. നാലുതവണ അർജന്റീനയുടെ മത്സരങ്ങൾ ക്ലോസ് നിയന്ത്രിച്ചിട്ടുണ്ട്. ബ്രൂണോ പിറെസും റോഡ്രിഗോ കോറേയുമാണ് ലൈൻ റഫറിമാർ. റോഡോൾഫോ ടോസ്‌കിയാണ് വാർ റഫറി. വാറിന്റെ അസിസ്റ്റന്റ് റഫറി ഡാനിലോ മാനിസും ബ്രസീലുകാരനാണ്. ഫോർത്ത് റഫറി യുവാൻ ബെനിറ്റ്‌സും ഫിഫ്ത്ത് റഫറി എഡ്വാർഡോ കാർഡോസയും പാരഗ്വായിൽനിന്നുള്ളവരാണ്.