അലക് ബാൾഡ്‌വിൻ. Photo by Angela Weiss / AFP

ന്യൂ മെക്സിക്കോ ∙ സിനിമാ ഷൂട്ടിങ്ങിനിടെ അബദ്ധത്തിൽ വെടിപൊട്ടി ഛായാഗ്രാഹകൻ മരിച്ച സംഭവത്തിൽ ഹോളിവുഡ് താരം അലക് ബാൾഡ്‌വിനെ കുറ്റവിമുക്തനാക്കി കോടതി. ഷൂട്ടിങ്ങിനിടെ അബദ്ധത്തിൽ വെടിപൊട്ടി ഛായാഗ്രാഹക മരിച്ച സംഭവത്തിലാണ് ബാൾഡ്‌വിനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കു കേസെ‍‌ടുത്തിരുന്നത്. നിറഞ്ഞ കണ്ണുകളോടെയാണ് ബാൾഡ്‌വിൻ വിധി കേട്ടത്. വിധിപ്രഖ്യാപനത്തിനു ശേഷം ആശ്വാസത്തോടെ ഭാര്യയെയും സഹോദരിയെയും ആലിംഗനം ചെയ്ത ബാൾഡ്‌വിൻ മാധ്യമങ്ങളുടെ ചോദ്യങ്ങളോടു പ്രതികരിക്കാതെ കോടതി വിട്ടു.

ബാൾഡ്‌വിനെതിരായ കുറ്റം സംശയാതീതമായി തെളിയിക്കാൻ‌ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു ജഡ്ജി മേരി മാർലോ സോമ്മർ വിധിന്യായത്തിൽ പറഞ്ഞു.

ഹലീന ഹച്ചിൻസ്. Photo by Sonia Recchia / GETTY IMAGES NORTH AMERICA / AFP

2021 ൽ റസ്റ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം. ചിത്രീകരണത്തിനു മുന്നോടിയായുള്ള റിഹേഴ്സലിൽ ബാൾഡ്‌വിൻ ഉപയോഗിച്ച റിവോൾവർ അബദ്ധത്തിൽ പൊട്ടി ഛായാഗ്രാഹക ഹലീന ഹച്ചിൻസ് കൊല്ലപ്പെട്ടു. നിറതോക്കായിരുന്നെന്ന് തനിക്കറിയില്ലായിരുന്നുവെന്ന് ബാൾഡ്‌വിൻ പറഞ്ഞിരുന്നു.ഷൂട്ടിങ്ങിന് ആയുധങ്ങൾ എത്തിച്ചിരുന്ന ഹന്ന ഗുട്ടറസ് ഇതേ കേസിൽ മനപ്പൂർവമല്ലാത്ത നരഹത്യക്കുറ്റം ചുമത്തപ്പെട്ട് ജയിലിലാണ്.