വിവാഹച്ചടങ്ങിനിടെ അനന്ത് അംബാനി, മുകേഷ് അംബാനി, നിത അംബാനി എന്നിവർ. (PTI Photo)
മുംബൈ∙ ബാന്ദ്രയുടെ മാനത്തെ മഴയുടെ ഓറഞ്ച് അലർട്ടിനെ കൂസാതെ അംബാനി കുടുംബത്തിലെ ഇളമുറക്കാരന്റെ കല്യാണച്ചടങ്ങുകൾ തുടരുന്നു. ഇന്ന് നടക്കുന്ന ശുഭ് ആശിർവാദ് ചടങ്ങിനായാണ് എല്ലാവരും കാത്തിരിക്കുന്നത്. ഇന്നലെ ജിയോ വേൾഡ് സെന്ററിൽ നടന്ന ചടങ്ങിൽ അനന്ത് അംബാനിയും രാധികാ മർച്ചന്റും ഔദ്യോഗികമായി വിവാഹിതരായി.

അനന്ത് അംബാനിയും രാധിക മെർച്ചന്റും വിവാഹ ദിനത്തിൽ., Photo: Special Arrangement
ഇനി രണ്ട് ദിവസത്തെ ചടങ്ങുകൾ ബാക്കിയുണ്ട്. ശുഭ് ആശിർവാദ് ചടങ്ങുകളാണ് ജിയോ വേൾഡ് സെന്ററിലും അംബാനിയുടെ വസതിയായ ആന്റിലിയയിലുമായി ശനിയാഴ്ച നടക്കുക. ഞായറാഴ്ച ആന്റിലിയയിൽ നടക്കുന്ന മംഗൾ ഉത്സവും തിങ്കളാഴ്ച റിലയൻസ് ജീവനക്കാർക്കായി നടക്കുന്ന വിരുന്നു സൽക്കാരവുമാണ് ഇനിയുള്ള പ്രധാനപ്പെട്ട ആഘോഷങ്ങൾ.

അനന്ത് അംബാനിയുടെ വിവാഹച്ചടങ്ങിൽ മുകേഷ് അംബാനിയും നിത അംബാനിയും മറ്റു കുടുംബാംഗങ്ങളും Photo: Special
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ആന്റിലിയയിൽ എത്തുമെന്നാണ് റിപ്പോർട്ട്. ശുഭ് ആശിർവാദ് ദിനത്തിലെ ചടങ്ങുകൾക്കുശേഷം നവദമ്പതികളെ അദ്ദേഹം ആശിർവദിക്കും. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, കേന്ദ്രമന്ത്രിമാർ എന്നിവർക്കും ഇന്നാണ് വിരുന്നിനു ക്ഷണം. ഇന്നലെ മുംബൈയിലെത്തിയ മമത, രാഷ്ട്രീയ കൂടിക്കാഴ്ചകൾക്ക് ശേഷം രാവിലെ ജിയോ വേൾഡ് സെന്ററിൽ എത്തിയിരുന്നു. മംഗൾ ഉത്സവ ചടങ്ങിൽ ബോളിവുഡ് താരങ്ങളടക്കം പങ്കെടുക്കും.
ബിജെപി എംപിയും ബോളിവുഡ് നടിയുമായ കങ്കണ റണാവത്ത് വിട്ടുനിന്നതായാണ് റിപ്പോർട്ട്. മുംബൈയിൽ ഇല്ലാത്തതിനാൽ താരദമ്പതികളായ വിരാട് കോലിയും അനുഷ്‌ക ശർമയും പങ്കെടുത്തില്ല. ആമിർ ഖാൻ, കജോൾ, സെയ്ഫ് അലി ഖാൻ, കരീന കപൂർ തുടങ്ങിയവരും എത്തിയില്ല.
