പ്രതീകാത്മക ചിത്രം
1500 കിലോമീറ്റര്‍ ദൂരമുള്ള ബസ് സര്‍വീസ് ആരംഭിക്കാനൊരുങ്ങി കര്‍ണാടക ആര്‍.ടി.സി. ബെംഗളൂരുവില്‍നിന്ന് അഹമ്മദാബാദിലേക്കും ഒഡിഷയിലെ പുരിയിലേക്കുമാണ് ദിവസേന സര്‍വീസ് നടത്തുക.
കര്‍ണാടക ആര്‍.ടി.സി.യുടെ ഏറ്റവും ദൈര്‍ഘ്യമുള്ള ബസ് സര്‍വീസായിരിക്കും ഇത്. നിലവില്‍ ബെംഗളൂരു-മുംബൈ, ബെംഗളൂരു-ശിര്‍ദി സര്‍വീസുകളാണ് (1000 കിലോമീറ്റര്‍) ഏറ്റവും ദൈര്‍ഘ്യമുള്ളത്. യൂറോപ്യന്‍ മാതൃകയിലുള്ള എ.സി. സ്ലീപ്പര്‍ ബസുകളാണ് പുതിയ സര്‍വീസുകള്‍ക്ക് അയക്കുകയെന്ന് ആര്‍.ടി.സി. അധികൃതർ അറിയിച്ചു.
ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡിഷ സംസ്ഥാനങ്ങളിലൂടെയാണ് പുതിയ സര്‍വീസുകള്‍ കടന്നു പോകുക. ഈ സംസ്ഥാനങ്ങളുടെ അനുമതി ലഭിച്ചശേഷമാകും സര്‍വീസുകള്‍ ആരംഭിക്കുക. രണ്ട് റൂട്ടിലേക്കും രണ്ട് ബസുകള്‍ വീതമാണ് അനുവദിക്കുക. ഇരുവശങ്ങളിലേക്കും ഓരോന്നു വീതം ഓടിക്കാനാണിത്.
ഏകദേശം 28 മണിക്കൂറായിരിക്കും യാത്രാസമയം. 2500 രൂപ ടിക്കറ്റ് നിരക്കായി ഈടാക്കാനാണ് ആലോചന.
