പരാതിക്കാരിയുടേയും കുറ്റാരോപിതന്റേയും വിവാഹ ഫോട്ടോ | Photo: Youtube

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ അഞ്ച് പ്രതികളാണുള്ളത്. യുവതിയുടെ ഭര്‍ത്താവ് രാഹുല്‍ പി. ഗോപാല്‍ കേസില്‍ ഒന്നാം പ്രതിയാണ്. രാഹുലിന്റെ അമ്മയും സഹോദരിയുമാണ് രണ്ടും മൂന്നും പ്രതികള്‍. രാഹുലിന്റെ സുഹൃത്ത് രാജേഷ് നാലാം പ്രതിയും സിവില്‍ പോലീസ് ഓഫീസര്‍ ശരത് ലാല്‍ അഞ്ചാം പ്രതിയുമായാണ് കുറ്റപത്രം.

ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് മൂന്നിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.കൊലപാതകശ്രമം, സ്ത്രീപീഡനം, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയത്. ഗാര്‍ഹിക പീഡനമാണ് അമ്മയ്ക്കും സഹോദരിക്കും എതിരെ ചുമത്തിയത്. രാഹുലിനെ രക്ഷപ്പെടാന്‍ സഹായിച്ചതാണ് രാജേഷിനും പോലീസുകാരനും എതിരെ ചുമത്തിയ കുറ്റം. കേസില്‍ എഫ്‌ഐആര്‍ ഇട്ട് 60-ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.