Photo | AFP
ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ആറായിരം റണ്‍സും 200 വിക്കറ്റും നേടുന്ന, ലോകതലത്തില്‍ മൂന്നാമത്തെയും ഇംഗ്ലണ്ടിന്റെ ആദ്യത്തെയും താരമായി ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്. സര്‍ ഗാര്‍ഫീല്‍ഡ് സൊബേഴ്‌സും ജാക്വസ് കാലിസും മാത്രമാണ് ഇതിന് മുന്‍പ് ഈ നേട്ടം കൈവരിച്ചത്. ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്ന ആദ്യ ടെസ്റ്റിന്റെ രണ്ടാംദിനമാണ് ഇംഗ്ലണ്ട് നായകന്‍ ഈ നാഴികക്കല്ല് പിന്നിട്ടത്.
സൊബേഴ്‌സ് 93 ടെസ്റ്റുകളില്‍നിന്ന് 8032 റണ്‍സാണ് നേടിയത്. 235 വിക്കറ്റുകളും നേടി. ദക്ഷിണാഫ്രിക്കയുടെ കാലിസ് 166 ടെസ്റ്റുകളില്‍നിന്ന് 13289 റണ്‍സും 292 വിക്കറ്റും നേടി. 103 ടെസ്റ്റുകളില്‍നിന്നാണ് ബെന്‍ സ്റ്റോക്‌സ് 6320 റണ്‍സും 200 വിക്കറ്റും നേടിയത്. വിന്‍ഡീസിന്റെ കിര്‍ക്ക് മെക്കന്‍സിയെ പൂജ്യത്തിന് പുറത്താക്കിയാണ് സ്റ്റോക്‌സ് 200 വിക്കറ്റ് നേട്ടം തികച്ചത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,000 റണ്‍സും 300 വിക്കറ്റും എന്ന നേട്ടത്തിനും സ്‌റ്റോക്‌സ് ഉടമയായി. കാള്‍ ഹൂപ്പര്‍, സനത് ജയസൂര്യ, ജാക്വസ് കാലിസ്, ഷാഹിദ് അഫ്രീദി, ഷാക്കിബ് അല്‍ ഹസന്‍ എന്നിവര്‍ ഈ നേട്ടത്തിലെത്തിയതാണ്.
ടെസ്റ്റിന്റെ രണ്ടാംദിവസത്തില്‍ ഇംഗ്ലണ്ടിന്റെ സമ്പൂര്‍ണ ആധിപത്യമാണ് കണ്ടത്. ആദ്യം ബാറ്റുചെയ്ത വെസ്റ്റ് ഇന്‍ഡീസ് 121 റണ്‍സിന് പുറത്തായിരുന്നു. ഏഴ് വിക്കറ്റ് നേടിയ ഗസ് അറ്റ്കിന്‍സനാണ് വിന്‍ഡീസിനെ തകര്‍ത്തത്. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് 371 റണ്‍സ് നേടി. രണ്ടാംദിനം അവസാനിക്കുമ്പോള്‍ വിന്‍ഡീസ് 79 റണ്‍സിന് ആറ് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് 171 റണ്‍സിന് പിറകിലാണിപ്പോള്‍.
