ഉർവശി റൗട്ടേല

സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ നടി ഉർവശി റൗട്ടേലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റു. നടിയെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഫ്രീ പ്രെസ് ജേണൽ റിപ്പോർട്ട് ചെയ്തു. നന്ദമൂരി ബാലകൃഷ്ണ നായകനാവുന്ന പുതിയ ചിത്രത്തിലെ സംഘട്ടനരം​ഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം.

ബാലകൃഷ്ണ നായകനാകുന്ന എൻബികെ109 എന്ന് താൽക്കാലികമായി പേരിട്ട ചിത്രത്തിന്റെ സെറ്റിൽവെച്ചാണ് ഉർവശി റൗട്ടേല അപകടത്തിൽപ്പെട്ടത്. അപകട വിവരം ഉർവശി റൗട്ടേലയുടെ ടീം സ്ഥിരീകരിച്ചു. എല്ലിന് പൊട്ടലുണ്ടെന്നും മികച്ച ചികിത്സയാണ് ഉർവശിക്ക് നൽകിവരുന്നതെന്നും അവർ അറിയിച്ചു. അപകടത്തേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരാനിരിക്കുന്നു.

ബാലകൃഷ്ണയെ നായകനാക്കി ബോബി കൊല്ലി സംവിധാനം ചെയ്യുന്ന ചിത്രമാണ് എൻബികെ 109. ദുൽഖർ സൽമാനും ചിത്രത്തിൽ ഒരു മുഖ്യവേഷത്തിലുണ്ടെന്നാണ് റിപ്പോർട്ട്. പ്രകാശ് രാജാണ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിതാര എന്റർടെയിൻമെന്റും ശ്രീകര സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.