Photo | ANI
ഹരാരെ : ടി20 ലോകകപ്പില്‍ ടീമിനൊപ്പമുണ്ടായിട്ടും കളിക്കാന്‍ അവസരം കിട്ടാതിരുന്ന മലയാളിതാരം സഞ്ജു സാംസണ്‍, ഇടവേളയ്ക്കുശേഷം വീണ്ടും ഇന്ത്യന്‍ ജേഴ്സിയില്‍ ഇറങ്ങാന്‍ സാധ്യത തെളിഞ്ഞു. സിംബാബ്വേക്കെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ബുധനാഴ്ച സഞ്ജു ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. മത്സരം വൈകീട്ട് 4.30 മുതല്‍ ഹരാരെയില്‍.
ഈയിടെ നടന്ന ട്വന്റി 20 ലോകകപ്പ് ടീമിലുണ്ടായിരുന്ന സഞ്ജു, യശസ്വി ജയ്സ്വാള്‍, ശിവം ദുബെ എന്നിവര്‍ സിംബാബ്വേക്കെതിരായ ടീമിലും ഇടംനേടി. ചുഴലിക്കൊടുങ്കാറ്റ് കാരണം ലോകകപ്പ് ടീം ബാര്‍ബഡോസില്‍നിന്ന് എത്താന്‍ വൈകിയതിനാല്‍ ഇവര്‍ ടീമിനൊപ്പം ചേരാനും വൈകി. അതുകൊണ്ട് ആദ്യ രണ്ടു മത്സരങ്ങളില്‍ കളിക്കാനായില്ല. സഞ്ജുവിനും യശസ്വിക്കും ലോകകപ്പില്‍ ഒരു മത്സരംപോലും കളിക്കാനായില്ല. അതുകൊണ്ടുതന്നെ ഇരുവരും ബുധനാഴ്ച ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
നവാഗതനായ അഭിഷേക് ശര്‍മയും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും ചേര്‍ന്നാണ് ആദ്യ രണ്ടു മത്സരങ്ങളില്‍ ഓപ്പണ്‍ചെയ്തത്. യശസ്വി ഓപ്പണറായി എത്തിയാല്‍ ഇതിലൊരാള്‍ വണ്‍ഡൗണിലേക്കു മാറും. വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെലിന് പകരമായാകും സഞ്ജു എത്തുക. ശിവം ദുബെയ്ക്കും അവസരം നല്‍കാന്‍ തീരുമാനിച്ചാല്‍ റിയാന്‍ പരാഗ് ഇലവനിലുണ്ടാകില്ല.
ആദ്യമത്സരം സിംബാബ്വേ 13 റണ്‍സിന് ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ 100 റണ്‍സിന് ജയിച്ചു. പരമ്പരയില്‍ അഞ്ച് മത്സരമുണ്ട്.
