റഷ്യയിലെ പരമോന്നത ബഹുമതി മോദിക്ക് പുതിൻ സമ്മാനിക്കുന്നു | Photo: PTI
മോസ്കോ : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യയിലെ പരമോന്നത ബഹുമതി സമ്മാനിച്ച് വ്ലാദിമിർ പുതിൻ. റഷ്യയിലെ ഓഡർ ഓഫ് സെന്റ് ആൻഡ്രു ബഹുമതിയാണ് മോദിക്ക് പുതിൻ സമ്മാനിച്ചത്. ഇത് ഇന്ത്യൻ ജനതയ്ക്ക് സമർപ്പിക്കുന്നുവെന്ന് മോദി ബഹുമതി സ്വീകരിച്ചതിന് പിന്നാലെ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഈ ബഹുമതി സ്വീകരിക്കുന്നത്.
1698-ലാണ് സെന്റ് ആൻഡ്രുവിന്റെ പേരിലുള്ള ഈ ബഹുമതി നൽകിത്തുടങ്ങിയത്. സിവിലിയൻമാർ അല്ലെങ്കിൽ സൈനിക മേഖലയിലെ ശ്രദ്ധേയ വ്യക്തിത്വങ്ങൾക്ക് നല്കി വരുന്നതാണ് ഈ ബഹുമതി.
2019-ൽ പ്രഖ്യാപിച്ച പുരസ്കാരമാണ് ഇപ്പോൾ മോദിക്ക് സമ്മാനിച്ചിരിക്കുന്നത്. ഇന്ത്യ റഷ്യ നയതന്ത്ര ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന് വേണ്ടിയും ഇരുരാജ്യങ്ങൾക്കുമിടയിൽ സൗഹൃദം വളർത്തുന്നതിനും വേണ്ടി പ്രവർത്തിച്ച ഒരാളാണ് മോദി എന്ന നിലയ്ക്കാണ് ഈ ബഹുമതി പ്രഖ്യാപിച്ചത്. മോദിയുടെ രണ്ട് ദിവസം നീളുന്ന സന്ദർശന വേളയിൽ ഈ ബഹുമതി പുതിനിൽ നിന്ന് അദ്ദേഹം സ്വീകരിക്കുകയായിരുന്നു.
