രഞ്ജിത്ത് ആർ. മോഹൻ
കോഴഞ്ചേരി: പമ്പാനദിയിൽ കാൽ വഴുതിവീണ യുവതി ജീവിതത്തിലേക്ക് തിരികെ വന്നത് രഞ്ജിത്ത് എന്ന യുവാവിന്റെ മനഃസ്ഥൈര്യത്തിൽ. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
മാലക്കര വടക്കുംമൂട്ടിൽ രഞ്ജിത്ത് ആർ.മോഹൻ കാപ്പി കുടിച്ച് കൊണ്ടിരിക്കുമ്പോഴാണ് ആരോ നിലവിളിക്കുന്നതായി ഭാര്യ രഞ്ജിനി രഞ്ജിത്തിനോട് പറഞ്ഞത്. വീടിന്റെ പിന്നിൽ പമ്പാനദിയുടെ തീരത്തുചെന്ന് ചെവി വട്ടം പിടിച്ചപ്പോൾ കരച്ചിൽ നദിയുടെ അക്കര കരയിൽനിന്നുമാണെന്ന് ബോധ്യമായി. നദിയുടെ അക്കര കരയിലെ കോയിപ്രം നെല്ലിക്കൽ കോലേടത്ത് കടവിൽ കരഞ്ഞുതളർന്ന് ജീവനുവേണ്ടി കേഴുന്ന ഒരു സ്ത്രീയെ കണ്ടു.
‘വള്ളിപ്പടർപ്പുകളിൽ പിടിച്ചുകിടക്കണം’
“ഇപ്പോൾ ഞാൻ എത്തും. അതുവരെ വള്ളിപടർപ്പുകളിൽ പിടിച്ചുകിടക്കണം, പിടി വിടരുത്”- എന്ന് അലറി വിളിക്കുകയായിരുന്നു പിന്നീട്. മാസങ്ങൾക്ക് മുൻപ് ഹൃദയസംബന്ധമായ ചികിത്സയിൽനിന്ന് ജീവിതത്തിലേക്ക് മടങ്ങിവന്നയാളാണ് രഞ്ജിത്ത്. ചിന്തിക്കാതെ നദിയിലേക്ക് ചാടാൻ തുനിഞ്ഞപ്പോൾ ഓടിയെത്തിയ അയൽവാസി വിജയനാണ് അത്തരമൊരു സാഹസത്തിൽനിന്നും പിന്തിരിപ്പിച്ചത്.
ഉടൻ തന്റെ സ്‌കൂട്ടറുമായി അയൽവാസിയെയും കൂട്ടി ആറാട്ടുപുഴ പാലം കടന്ന് അക്കര കരയിലേക്ക് പാഞ്ഞു. വഴി നന്നായിയറിയുന്ന അവർ ലക്ഷ്യസ്ഥാനത്ത് മിനിറ്റുകൾക്കുള്ളിൽ എത്തി. നദിയുടെ ഓരത്തേക്ക് ഓടി എത്തിനോക്കിയപ്പോൾ പെൺകുട്ടി അപകടത്തിൽപ്പെട്ട് കിടക്കുന്ന സ്ഥലം കരയിൽനിന്നും 10 അടിയോളം താഴെ ആയിരുന്നു. ഒന്നും ചിന്തിക്കാതെ കരയിൽ നിന്നും എടുത്തുചാടിയ രഞ്ജിത്ത്, മുങ്ങിത്താഴാൻ തുടങ്ങിയ പെൺകുട്ടിയെ നദിയുടെ വശത്ത് എത്തിച്ചു.
എന്നാൽ അത്രയും ഉയരത്തിലുള്ള തിട്ടയിലേക്ക് ഒരാളിനെ ഉയർത്തിക്കൊണ്ടുവരുവാൻ രഞ്ജിത്തിന് കഴിയില്ലായിരുന്നു. അതിന് സഹായിച്ചത് കൂടെവന്ന അയൽവാസിയായ വിജയനും നെല്ലിക്കൽ നിവാസി ഉണ്ണി ആനിക്കാടനും ആയിരുന്നു. നെല്ലിക്കൽ കോലേടത്ത് കടവിൽ തുണി കഴുകുന്നതിനിടെയാണ് യുവതി കാൽവഴുതി പുഴയിൽ വീണത്.
