Photo: ANI
കഠുവ: ജമ്മുകശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. ദോഡയിലാണ് വീണ്ടും ഏറ്റുമുട്ടലുണ്ടായത്. മൂന്ന് ഭീകരര്‍ പ്രദേശത്തുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഭീകരർക്കായുള്ള തിരച്ചിൽ സുരക്ഷാ സേന ഊർജിതമാക്കിയിട്ടുണ്ട്. തുടര്‍ച്ചയായി ഭീകരാക്രമണങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ കഠുവ- ദോഡ മേഖലകളില്‍ സുരക്ഷ വര്‍ധിപ്പിച്ചു.
തിങ്കളാഴ്ച കഠുവയിലുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ വാഹനവ്യൂഹത്തിന് നേരെ തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഭീകരർ ആക്രമണം നടത്തിയത്. കഠുവയില്‍ നിന്ന് 150 കിലോ മീറ്റര്‍ അകലെ ബദ്‌നോട്ട ഗ്രാമത്തിലാണ് സംഭവമുണ്ടായത്.
പ്രദേശത്ത് സൈന്യം പട്രോളിങ് നടത്തുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. ഭീകരര്‍ വാഹനവ്യൂഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പിന്നാലെ സൈന്യവും തിരിച്ചടിച്ചെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ സൈന്യത്തിന്റെ 9 കോര്‍പ്‌സിന്റെ കീഴിലാണ് ഈ പ്രദേശം.
