സനത് ജയസൂര്യ
കൊളംബോ ∙ മുൻ ക്യാപ്റ്റൻ സനത് ജയസൂര്യയെ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ താൽക്കാലിക പരിശീലകനായി ലങ്കൻ ക്രിക്കറ്റ് ബോർഡ് നിയമിച്ചു. 27ന് ആരംഭിക്കുന്ന ഇന്ത്യ– ശ്രീലങ്ക പരമ്പരയിലാകും ജയസൂര്യ ചുമതലയേൽക്കുക. 3 വീതം ട്വന്റി20, ഏകദിന മത്സരങ്ങളാണ് ഇന്ത്യയുടെ ലങ്കൻ പര്യടനത്തിലുള്ളത്. തുടർന്ന് നടക്കുന്ന ശ്രീലങ്കയുടെ ഇംഗ്ലണ്ട് പര്യടനത്തിലും ജയസൂര്യയായിരിക്കും ടീമിന്റെ പരിശീലകൻ.
അൻപത്തിയഞ്ചുകാരനായ ജയസൂര്യ മുൻപ് ദേശീയ ടീമിന്റെ ചീഫ് സിലക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. ട്വന്റി20 ലോകകപ്പിലെ ദയനീയ പ്രകടനത്തിനു പിന്നാലെ ടീമിന്റെ ഹെഡ് കോച്ച് ക്രിസ് സിൽവർവുഡ് രാജിവച്ചിരുന്നു. ഇതോടെയാണ് ജയസൂര്യയെ താൽക്കാലിക പരിശീലകനായി ലങ്കൻ ബോർഡ് പ്രഖ്യാപിച്ചത്.
