പി.രാമയ്യ
ചെന്നൈ: മോഷണക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയശേഷം സ്വയം ആള്‍ദൈവമായിമാറിയ 41 കാരനെ 18 വര്‍ഷത്തിനുശേഷം പോലീസ് അറസ്റ്റുചെയ്തു. തിരുെനല്‍വേലി ജില്ലയിലെ നാങ്കുനേരി വടുക്കാച്ചിമഠം സ്വദേശി പി. രാമയ്യയാണ് അറസ്റ്റിലായത്.
തിരുവണ്ണാമലയില്‍ ആള്‍ദൈവമായി കഴിയുകയായിരുന്ന രാമയ്യയെ പോലീസ് സംഘം വേഷംമാറിച്ചെന്ന് പിടികൂടുകയായിരുന്നു. 2006-ല്‍ നാങ്കുനേരിക്കടുത്ത കാര്‍ഷിക സഹകരണ സംഘം ഓഫീസില്‍നിന്ന് 2,959 രൂപ മോഷ്ടിച്ചു എന്നതാണ് രാമയ്യയുടെ പേരിലുള്ള കേസ്. തുടര്‍ന്ന് എരുവാടി പോലീസ് ഇയാളെ ജയിലിലടച്ചിരുന്നു.
ജാമ്യത്തില്‍ പുറത്തിറങ്ങിയ രാമയ്യ ഒളിവില്‍പ്പോവുകയായിരുന്നു. ബന്ധുക്കളില്‍ ചിലര്‍ രാമയ്യയെ തിരുവണ്ണാമലയില്‍ കണ്ടതായി പോലീസിന് വിവരം ലഭിച്ചതാണ് അറസ്റ്റിലേക്ക് നയിച്ചത്.
