പ്രതീകാത്മക ചിത്രം
മുംബൈ: ഭര്‍ത്താവ് പുറത്തുപോയപ്പോള്‍ കൂടെ കൊണ്ടുപോകാത്തതിന് ഭാര്യ നാലുവയസ്സുള്ള മകളെ കൊന്ന് ജീവനൊടുക്കി. മഹാരാഷ്ട്രയിലെ പാല്‍ഘറിലാണ് ദാരുണമായ സംഭവം.
പാല്‍ഘറിലെ സിസ്‌നെ ഗ്രാമത്തിലെ 23-കാരിയാണ് നാലുവയസ്സുള്ള മകളെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്. ഭര്‍ത്താവുമായി വഴക്കിട്ടതിന് പിന്നാലെയായിരുന്നു യുവതി കടുംകൈചെയ്തത്.
ഗ്രോതവിഭാഗക്കാരിയായ യുവതിയുടെ ഭര്‍ത്താവ് മത്സ്യത്തൊഴിലാളിയാണ്. ജോലിയുടെ ഭാഗമായി ഇയാള്‍ മിക്കസമയത്തും വീട്ടിലുണ്ടാകാറില്ല. കഴിഞ്ഞ ഞായറാഴ്ച വീട്ടിലെത്തിയ ഇയാള്‍ സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തുപോയി. പിന്നാലെ ഇതേച്ചൊല്ലി ഭാര്യ ഭര്‍ത്താവുമായി വഴക്കിട്ടു. പുറത്തുപോയപ്പോള്‍ തന്നെ കൂടെ കൊണ്ടുപോകാതിരുന്നതിനെച്ചൊല്ലിയാണ് ഭാര്യ ഭര്‍ത്താവുമായി വഴക്കിട്ടത്. ഇതിനുപിന്നാലെയാണ് തിങ്കളാഴ്ച രാവിലെ യുവതി മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം തൂങ്ങിമരിച്ചതെന്നും പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).
