പ്രതി വിഷ്ണു ഉല്ലാസിനെ പോലീസ് പിടികൂടിയപ്പോൾ(ഇടത്ത്) ഇയാൾ ഒളിച്ചിരുന്ന കെട്ടിടം(വലത്ത്)
ആലപ്പുഴ: കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടെ ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ശൗചാലയത്തില്‍നിന്ന് പോലീസിനെ വെട്ടിച്ചു കടന്ന പ്രതി നാലാംദിനം പിടിയില്‍. തിരുവല്ല നെടുമ്പ്രം കണ്ണാറച്ചിറ വിഷ്ണു ഉല്ലാസ് (27) ആണ് പുന്നപ്ര പോലീസിന്റെ പിടിയിലായത്. ഇയാള്‍ പറവൂര്‍ ജങ്ഷനു സമീപത്തെ പണിപൂര്‍ത്തിയാകാത്ത ബഹുനിലക്കെട്ടിടത്തിന്റെ രണ്ടാം നിലയുടെ ഉള്ളില്‍ ഒളിച്ചിരിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലായിരുന്നു അറസ്റ്റ്.
ഇയാളെ ആലപ്പുഴ സൗത്ത് പോലീസിനു കൈമാറി. ജയില്‍ചാട്ടവുമായി ബന്ധപ്പെട്ട് മറ്റൊരു കേസ് സൗത്ത് പോലീസ് രജിസ്റ്റര്‍ചെയ്തു. പ്രതി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍, സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും റെയില്‍വേ പോലീസിലും വിവരം കൈമാറി അന്വേഷണം നടത്തുന്നതിനിടെയാണ് പിടിയിലായത്. ഇയാളെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു.
പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണിയാള്‍. കഞ്ചാവുവില്‍പ്പന, യുവതിയെ കടന്നുപിടിക്കല്‍, അടിപിടി ഉള്‍പ്പെടെയുള്ള കേസുകളാണുള്ളത്.
വ്യാഴാഴ്ച രാത്രിയില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍നിന്ന് ആലപ്പുഴയിലേക്കു കൊണ്ടുവരുന്നതിനിടെയായിരുന്നു സംഭവം. കൊച്ചുവേളി എക്‌സ്പ്രസില്‍ കനത്ത സുരക്ഷയിലായിരുന്നു വിഷ്ണുവിനെ എത്തിച്ചിരുന്നത്. ശൗചാലയത്തില്‍ പോകണമെന്ന് ആവശ്യപ്പെട്ടതിനാല്‍ ഒരു കൈയിലെ വിലങ്ങഴിച്ചു വിട്ടു. അതിനുള്ളിലെ ജനാലവഴി രക്ഷപ്പെടുകയായിരുന്നു ഇയാള്‍. പിടിച്ചുപറിക്കേസില്‍ രാമങ്കരി കോടതിയില്‍ വെള്ളിയാഴ്ച ഹാജരാക്കുന്നതിനായാണ് ഇയാളെ കൊണ്ടുവന്നത്. മുന്‍പ് രണ്ടുതവണ ജയില്‍ ചാടിയിട്ടുണ്ട്.
