ഉഷ ഉതുപ്പ്, ഭർത്താവ് ജാനി ചാക്കോ ഉതുപ്പ്‌

കോട്ടയം : ഇന്ത്യന്‍ പോപ്പ് ഗായിക ഉഷ ഉതുപ്പിന്റെ ഭര്‍ത്താവ് കോട്ടയം കളത്തിപ്പടി സ്വദേശി ജാനി ചാക്കോ ഉതുപ്പ് (78) കൊല്‍ക്കത്തയില്‍ അന്തരിച്ചു. തിങ്കളാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോട്ടയം പൈനുങ്കല്‍ ചിറക്കരോട്ട് കുടുംബാംഗമാണ്. ബ്രിഗേഡിയര്‍ സി.സി. ഉതുപ്പിന്റെയും എലിസബത്തിന്റെയും മകനാണ്.

1969-ല്‍ കൊല്‍ക്കത്തയിലെ നിശാക്ലബ്ബുകളില്‍ പാടുന്ന കാലത്താണ് ഉഷയുമായി ജാനി പരിചയപ്പെടുന്നത്. സൗഹൃദം പ്രണയത്തിലേക്കെത്തി രണ്ട് വര്‍ഷത്തിനുശേഷം 1971-ലാണ് ഇരുവരും വിവാഹിതരാകുന്നത്. കൊല്‍ക്കത്തയില്‍നിന്ന് ജാനിക്ക് സ്ഥലംമാറ്റം ലഭിച്ചതോടെ കൊച്ചിയിലാണ് ഇവര്‍ താമസിച്ചിരുന്നത്. മക്കള്‍ ജനിച്ചതും ഇവിടെ വെച്ചായിരുന്നു. പിന്നീട് ഇവര്‍ കൊല്‍ക്കത്തയിലേക്കു പോയി. സണ്ണി ഉതുപ്പ്, അഞ്ജലി ഉതുപ്പ് എന്നിവരാണ് മക്കള്‍. മൃതദേഹം പീസ് വേള്‍ഡ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടില്‍നിന്നു ബന്ധുക്കള്‍ എത്തിയശേഷം ചൊവ്വാഴ്ച സംസ്‌കാരം നടത്തും.