പ്രതീകാത്മക ചിത്രം
ത്രിപുരയിലെ വടക്കുകിഴക്കൻ മേഖലയിലെ വിദ്യാർഥികൾക്കിടയിൽ എച്ച്.ഐ.വി. വ്യാപനം. വൈറസ് ബാധിച്ച് ഇതിനകം 47 വിദ്യാർഥികൾ മരിച്ചു. 828 പേരെയാണ് രോഗം ബാധിച്ചത്. ത്രിപുര സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ലഹരിമരുന്ന് കുത്തിവെപ്പിലൂടെ വൈറസ് വ്യാപനമുണ്ടായെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
വൈറസ് ബാധിച്ചവരിലേറെയും സാമ്പത്തികമായി മുന്നിട്ടുനിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണെന്നും അധികൃതർ വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാഗമായി ത്രിപുരയ്ക്ക് പുറത്തേക്ക് പോയവരാണ് രോഗബാധിതരിലേറെയും. 220 സ്കൂളുകൾ, 24 കോളേജുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളിലാണ് രോഗം സ്ഥിരീകരിച്ചത്.
ദിനംപ്രതി അഞ്ചുമുതൽ ഏഴുവരെ എച്ച്.ഐ.വി. കേസുകളാണ് സ്ഥിരീകരിക്കുന്നതെന്നും ആശങ്കപ്പെടുത്തുന്നതാണ് കണക്കുകളെന്നും അധികൃതർ വ്യക്തമാക്കി. ത്രിപുര ജേർണലിസ്റ്റ് യൂണിയൻ, വെബ് മീഡിയ ഫോറം, ത്രിപുര സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി എന്നിവ സംയുക്തമായി സംഘടിപ്പിച്ച വർക്ഷോപ്പിലാണ് സംസ്ഥാനത്തെ എച്ച്.ഐ.വി. സാഹചര്യം വിലയിരുത്തിയത്. വിദ്യാർഥികൾക്കിടയിലെ ലഹരിമരുന്ന് കുത്തിവെപ്പിനേക്കുറിച്ചുള്ള സ്റ്റാറ്റിസ്റ്റിക്കൽ ഡേറ്റയും ത്രിപുര സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി പുറത്തുവിട്ടിട്ടുണ്ട്.
2024 മേയ് വരെ 8729 ആക്റ്റീവ് എച്ച്.ഐ.വി. കേസുകളാണ് ആന്റിറെട്രോവൈറൽ തെറാപ്പി സെന്ററുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവയിൽ 5,674 പേർ ജീവിച്ചിരിപ്പുണ്ട്. അതിൽ 4,570 പുരുഷന്മാരും 1,103 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡറുമാണുള്ളത്.
രോഗം നേരത്തേ സ്ഥിരീകരിക്കപ്പെടുകയും പ്രതിരോധിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യത്തേക്കുറിച്ചും ത്രിപുര സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി വ്യക്തമാക്കി. കുട്ടികൾക്കിടയിലെ ലഹരിമരുന്ന് ഉപയോഗത്തേക്കുറിച്ച് വീട്ടുകാർ ബോധവാന്മാരാകണമെന്നും പ്രതിരോധനടപടികൾ സ്വീകരിക്കണമെന്നും അധികൃതർ പറയുന്നു.
എന്താണ് എച്ച്.ഐ.വി. എന്നും ശ്രദ്ധിക്കേണ്ട കാര്യങ്ങളേക്കുറിച്ചും ഡോ. മേരി ജോസഫ് പങ്കുവെക്കുന്നു
മനുഷ്യശരീരത്തിലെ രോഗപ്രതിരോധശക്തിയെ കാർന്നുതിന്നുന്ന വൈറസാണ് എച്ച്.ഐ.വി. (Human Immuno deficiency Virus). ഈ വൈറസ് മനുഷ്യശരീരത്തിന്റെ സമഗ്രമായ പ്രതിരോധശക്തിയെ നശിപ്പിക്കുന്ന അവസ്ഥയാണ് എയ്‌ഡ്സ് (Acquired Immuno deficiency Syndrome).
മനുഷ്യന്റെ പ്രതിരോധശക്തിയെ നിയന്ത്രിക്കുന്ന രക്തത്തിന്റെ അടിസ്ഥാനഘടകമാണ് CD4 കോശങ്ങൾ. ആരോഗ്യവാനായ ഒരു വ്യക്തിയിൽ ഒരു മില്ലിലിറ്റർ രക്തത്തിൽ 500 മുതൽ 1500 വരെ CD4 കോശങ്ങൾ കാണും. എയ്‌ഡ്സ് ബാധിച്ച രോഗിയിൽ CD4 കോശങ്ങൾ 200ൽ താഴുകയും ഏതെങ്കിലും ഒന്നോ രണ്ടോ സാന്ദർഭിക രോഗങ്ങൾക്ക് ഒരേസമയം അടിമയാകുകയുംചെയ്യും.
എച്ച്.ഐ.വി. ബാധിതൻ എയ്‌ഡ്സ് രോഗിയാണോ?
അല്ല. എച്ച്.ഐ.വി.ബാധിതനായ ഒരാൾ എയ്‌ഡ്സ് രോഗിയാകാൻ എട്ട് മുതൽ 15 വർഷംവരെ എടുക്കും. പലരിലും ഈ കാലയളവ് വ്യത്യാസപ്പെട്ടിരിക്കും. എച്ച്.ഐ.വി. ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ കാണപ്പെടുന്നതുവരെയുള്ള കാലയളവിനെ ഇൻകുബേഷൻ പീരിയഡ് എന്നുപറയുന്നു. എച്ച്.ഐ.വി. ബാധിതനെ സംബന്ധിച്ചിടത്തോളം ജീവിക്കാൻ നിരവധി വർഷങ്ങൾ കാണും. എയ്‌ഡ്സ് എന്ന അവസ്ഥയിലെത്തിയാൽ ജീവിതചക്രം ഒന്നോ രണ്ടോ വർഷമായിരിക്കും.
എയ്‌ഡ്സ് പകരുന്ന മാർഗങ്ങൾ
സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം വഴിയാണ് എച്ച്.ഐ.വി. പ്രധാനമായും പകരുന്നത്. എച്ച്.ഐ.വി. ബാധിച്ച പുരുഷന്റെ ശുക്ലത്തിലും സ്ത്രീയുടെ യോനീസ്രവങ്ങളിലും ഈ വൈറസ് ധാരാളമായിക്കാണുന്നു. ശുക്ലത്തിൽ എച്ച്.ഐ.വി. 50 മടങ്ങ് അധികമായിക്കാണുന്നു. എച്ച്.ഐ.വി. ബാധിച്ച സ്ത്രീകളിൽനിന്ന് പുരുഷന്മാരിലേക്ക് വൈറസ് പകരുന്നതിനേക്കാൾ വേഗത്തിൽ, പുരുഷന്മാരിൽനിന്ന് സ്ത്രീകളിലേക്ക് എച്ച്.ഐ.വി. പകരുന്നതായി പഠനങ്ങൾ തെളിയിക്കുന്നു.
എച്ച്.ഐ.വി. ബാധിച്ച വ്യക്തിയുടെ രക്തവും രക്തഘടകങ്ങളും സ്വീകരിക്കുക വഴി രോഗം പകരാം. ലഹരിമരുന്ന് കുത്തിവെപ്പിലൂടെയും രോഗം പകരാം. എച്ച്.ഐ.വി. ബാധിതനായ അമ്മയിൽനിന്ന് കുഞ്ഞിലേക്ക് ഗർഭാവസ്ഥയിലും പ്രസവസമയത്തും മുലയൂട്ടുന്ന സമയത്തും രോഗാണുക്കൾ പകരാം. എച്ച്.ഐ.വി. ബാധിതയായ അമ്മ മുലയൂട്ടുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
എയ്‌ഡ്സിന്റെ ലക്ഷണങ്ങൾ
എയ്‌ഡ്സ് കണ്ടുപിടിക്കേണ്ടത് ഡോക്ടറാണ്. രോഗിയല്ല. രോഗലക്ഷണങ്ങൾ കണ്ടതുകൊണ്ടുമാത്രം ഒരാൾക്ക് എയ്‌ഡ്സാണെന്ന് സ്ഥിരീകരിക്കാൻ സാധിക്കില്ല. കാരണം, ഇത്തരം ലക്ഷണങ്ങൾ മറ്റുപല രോഗങ്ങളാലും കാണപ്പെടാം. തുടക്കത്തിൽ എച്ച്.ഐ.വി. ബാധിതർ യാതൊരു തരത്തിലുള്ള രോഗലക്ഷണങ്ങളും കാണിക്കാറില്ല. പൂർണ ആരോഗ്യവാനായി ഒരുപക്ഷേ 10-12 വർഷം ജീവിച്ചെന്നിരിക്കും.
കാലക്രമേണ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയും മരണത്തിന് കീഴ്പ്പെടുകയും ചെയ്യും. കഴുത്ത്, കക്ഷം, തുടഭാഗം എന്നിവിടങ്ങളിലെ ലിംഫ്ഗ്രന്ഥികൾ വീർക്കുന്നു. ശരീരഭാരം പെട്ടെന്ന് കുറയുന്നു. ദീർഘനാളത്തെ പനി, വയറിളക്കം, വിട്ടുമാറാത്ത ചുമ എന്നിവയുണ്ടാകുന്നു. വായിൽ വെളുത്ത പൂപ്പലുകൾ പ്രത്യക്ഷപ്പെടുകയും ഓർമക്കുറവ് ഉണ്ടാവുകയുംചെയ്യുന്നു.
ടെസ്റ്റുകൾ
ഏലിസ, വെസ്റ്റേൺ ബ്ലോട്ട് എന്നിവയാണ് പ്രധാന ടെസ്റ്റുകൾ. സംസ്ഥാനത്തെ മിക്ക മെഡിക്കൽ കോളേജുകളിലും ഇതിനുള്ള സൗകര്യങ്ങളുണ്ട്.
എച്ച്.ഐ.വി. ബാധിതനാണെന്നറിഞ്ഞാൽ എന്തുചെയ്യണം?
എച്ച്.ഐ.വി. ബാധിതർക്ക് ചിട്ടയായ ജീവിതക്രമവും മരുന്നിന്റെ കൃത്യമായ ഉപയോഗവും ആവശ്യമാണ്. അതിനുവേണ്ടി നല്ലൊരു കൗൺസലിങ് സെന്ററിനെയോ എച്ച്.ഐ.വി. രംഗത്ത് സേവനമനുഷ്ഠിക്കുന്ന ഒരു ഡോക്ടറുടെയോ ഉപദേശം തേടുക. വ്യാജമരുന്നുകൾക്കുപിന്നാലെ പോകാതിരിക്കുക.
ഏറ്റവും ഫലപ്രദമായ ചികിത്സ
എയ്‌ഡ്സിന് ഇപ്പോൾ നിലവിലുള്ള മരുന്ന് ആന്റി റിട്രോ വൈറൽ തെറാപ്പിയാണ് (A.R.T.). ഈ മരുന്ന് കഴിച്ചാൽ ജീവിതദൈർഘ്യം കൂട്ടാൻ കഴിയും. CD4 കൗണ്ട് 200ൽ താഴെയുള്ളപ്പോഴാണ് ഈ മരുന്നിന്റെ ഉപയോഗം ആരംഭിക്കുന്നത്. ഈ മരുന്ന് ഒരിക്കൽ തുടങ്ങിക്കഴിഞ്ഞാൽ അത് കർശനമായും കൃത്യമായും ജീവിതാവസാനംവരെ തുടരണം. എപ്പോഴാണ് എ.ആർ.ടി. ആരംഭിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് ബന്ധപ്പെട്ട ഡോക്ടറാണ്.
എയ്‌ഡ്സ് രോഗി എത്രനാൾ ജീവിക്കും ?
എയ്‌ഡ്സ് എന്ന അവസ്ഥയിലെത്തിക്കഴിഞ്ഞാൽ സാധാരണ രണ്ടുവർഷത്തിനുള്ളിൽ മരണം സംഭവിക്കും. ശരിയായ ചികിത്സയും രോഗനിയന്ത്രണവും ലഭ്യമാണെങ്കിൽ കുറച്ചുകാലംകൂടി ജീവിതദൈർഘ്യം കൂട്ടാൻ കഴിയും.
എന്താണ് വിൻഡോ പീരിയഡ്
എച്ച്.ഐ.വി. ശരീരത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ ഇവയ്ക്കെതിരേയുള്ള ആന്റിബോഡി രക്തത്തിൽ പ്രവേശിക്കാൻ ഏകദേശം ആറുമാസം വരെയെടുക്കും. ഇക്കാലയളവിൽ എച്ച്.ഐ.വി. ടെസ്റ്റ് നടത്തിയാൽ ഫലം നെഗറ്റീവായിരിക്കും. എന്നാൽ, രക്തത്തിൽ എച്ച്.ഐ.വി.യുടെ വൈറസ് കാണുകയുംചെയ്യും. ഈ കാലഘട്ടത്തെ വിൻഡോ പീരിയഡ് എന്നുപറയുന്നു.
എച്ച്.ഐ.വി. ബാധിതർ കടിച്ചാൽ രോഗം പകരുമോ
ഉമിനീരിൽ എച്ച്.ഐ.വി. വളരെ കുറഞ്ഞ അളവിൽ മാത്രമേ കാണപ്പെടുന്നുള്ളൂ. അതിനാൽ ഒരു എച്ച്.ഐ.വി. ബാധിതൻ മറ്റൊരാളെ കടിച്ചാൽ രോഗം പിടിപെടില്ല. എന്നാൽ, വായിൽ മുറിവോ വ്രണമോ ഉണ്ടെങ്കിൽ അതിലൂടെ എച്ച്.ഐ.വി. വ്യാപനം നടക്കാം. സാധാരണഗതിയിൽ എച്ച്.ഐ.വി. ബാധിതരുടെ രക്തവും മറ്റൊരാളുടെ രക്തവും തമ്മിൽ നേരിട്ടുള്ള ബന്ധത്തിലാണ് വൈറസ് പകരുന്നത്.
ചുംബനത്തിലൂടെ എച്ച്.ഐ.വി. പകരുമോ?
ഉമിനീരിൽ എച്ച്.ഐ.വി. വളരെ കുറഞ്ഞ അളവിലാണ് കാണുന്നത്. ചുംബനത്തിലൂടെ വലിയ അളവിൽ ഉമിനീർ വിനിമയം ചെയ്യുന്നില്ല. ചുംബനവേളയിൽ എച്ച്.ഐ.വി. വായിൽ കടന്നുവെങ്കിൽപോലും അത് നശിച്ചുപോകും. കാരണം, അന്നനാളത്തിലൂടെ എച്ച്.ഐ.വി. പകരാൻ സാധ്യത കുറവാണ്. സിദ്ധാന്തപരമായി വായിലെ ചെറിയ മുറിവുകളിലൂടെയും വ്രണങ്ങളിലൂടെയും എച്ച്.ഐ.വി. പകരാനുള്ള സാധ്യതയുണ്ടെങ്കിലും അങ്ങനെ ഒരു കേസ് ഇതുവരെ റിപ്പോർട്ടു ചെയ്തിട്ടില്ല. എന്നിരുന്നാലും ചുംബനത്തിൽ തുടങ്ങി, ലൈംഗികവേഴ്ചയിലെത്തി അതുവഴി എച്ച്.ഐ.വി. പിടിപെടാനുള്ള സാധ്യതയുണ്ട്.
ഷേവിങ് ബ്ലേഡ് പങ്കുവെച്ചാൽ എച്ച്.ഐ.വി. പകരുമോ?
ഷേവ് ചെയ്യുമ്പോൾ ചെറിയ മുറിവുകൾ സംഭവിക്കുന്നത് സാധാരണമാണ്. ഒരാൾ ഷേവുചെയ്ത ബ്ലേഡിൽ ചിലപ്പോൾ അൽപം രക്തം പറ്റിപ്പിടിച്ചിരിക്കാൻ സാധ്യതയുണ്ട്. ഈ രക്തം ഉണങ്ങുന്നതോടുകൂടി വൈറസിന്റെ ശക്തിക്ഷയിച്ച് പ്രവർത്തനക്ഷമമല്ലാതാകും. എന്നാൽ, ബാർബർഷോപ്പുകളിൽ ഉപയോഗിക്കുന്ന ബ്ലേഡ് അടുത്ത ആളിൽ ഉടനെത്തന്നെ ഉപയോഗിച്ചേക്കും. എച്ച്.ഐ.വി. ബാധിതനായ ഒരാളിൽ ഉപയോഗിച്ച ബ്ലേഡ് അണുവിമുക്തമാക്കാതെ മറ്റൊരാളിൽ ഉടനെ ഉപയോഗിച്ചാൽ സിദ്ധാന്തപരമായി അണുബോധയ്ക്ക് സാധ്യതയുണ്ട്. എന്നാൽ, ഇത്തരത്തിലുള്ള അണുവ്യാപനം നടന്നതായി ലോകത്തിൽ ഒരിടത്തുനിന്നും ഇതുവരെ റിപ്പോർട്ടുചെയ്തിട്ടില്ല.
എച്ച്.ഐ.വി. ബാധിച്ചവർക്ക് മുലയൂട്ടാൻ സാധിക്കുമോ?
ആമാശയത്തിലെ ഹൈഡ്രോക്ലോറിക് ആസിഡിന്റെ സാമീപ്യംകൊണ്ട് ഉദരകുടൽ ഭാഗത്തിലൂടെ എച്ച്.ഐ.വി. പകരുന്നില്ല. എന്നാൽ, നവജാതശിശുക്കൾക്ക് ആമാശയത്തിൽ ആദ്യത്തെ മാസം ഹൈഡ്രോക്ലോറിക് ആസിഡ് കുറവായിരിക്കും. ശിശുക്കൾ ആദ്യമാസങ്ങളിൽ ദിവസേന ശരാശരി അരലിറ്റർ മുലപ്പാൽ കുടിക്കുന്നു. ആയതിനാൽ അണുബാധയുള്ള മുലപ്പാലിൽനിന്ന് നവജാതശിശുക്കൾക്ക് എച്ച്.ഐ.വി. ബാധ ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാൻപറ്റില്ല.
അമ്മയ്ക്ക് എച്ച്.ഐ.വി. അണുബാധയുണ്ടെങ്കിൽ കുഞ്ഞിനും അണുബാധയുണ്ടാകാൻ 30 ശതമാനം സാധ്യതയുണ്ട്. എച്ച്.ഐ.വി. അണുബാധയുടെ വികസിച്ച ഘട്ടത്തിലുള്ള അമ്മമാരുടെ കുഞ്ഞിനാണ് അണുബാധയ്ക്ക് കൂടുതൽ സാധ്യത. പ്രസവവേളയിലും കൂടുതൽകാലം മുലയൂട്ടുന്നതിലൂടെയും അണുബാധ സാധ്യത വർധിക്കുന്നു.
കൗൺസിലിങ്ങിന്റെ പ്രാധാന്യം
എച്ച്.ഐ.വി. ടെസ്റ്റിന്റെ മുൻപും ശേഷവും കൗൺസലിങ് ആവശ്യമാണ്. പരിശോധനാഫലം പോസിറ്റീവാണെങ്കിൽ ആ അവസ്ഥയെ നേരിടാനും അംഗീകരിക്കാനും പ്രാപ്തനാക്കുകയാണ് ടെസ്റ്റിനുമുമ്പുള്ള കൗൺസലിങ്ങുകൊണ്ട് ഉദ്ദേശിക്കുന്നത്. പെട്ടെന്നുണ്ടാകുന്ന വികാരക്ഷോഭത്താൽ ചിലർ ആത്മഹത്യയ്ക്കുവരെ മുതിരാറുണ്ട്. പോസിറ്റീവായ രോഗിക്ക് തുടർന്നുള്ള ചികിത്സയും സാമൂഹികവും മാനസികവുമായ പിന്തുണയും ചിട്ടയായ ജീവിതക്രമവും ഉറപ്പുവരുത്തുകയാണ് പരിശോധനയ്ക്കുശേഷമുള്ള കൗൺസിലിങ്. അതുകൊണ്ട് കൗൺസലിങ് സെന്ററുള്ള പരിശോധനാകേന്ദ്രത്തിൽ മാത്രം എച്ച്.ഐ.വി. ടെസ്റ്റിന് സമീപിക്കുകയാണ് അഭികാമ്യം.
