അപകടത്തിന്റെ ദൃശ്യം | Photos: Screen grab of video uploaded on X by @GhandatMangal
മുംബൈ: മുംബൈയില്‍ തീവണ്ടിയ്ക്കടിയില്‍പ്പെട്ട് യുവതിക്ക് ഗുരുതരപരിക്ക്. ബെലാപുര്‍ റെയില്‍വേ സ്റ്റേഷനില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. താനെയിലേക്ക് പോകുകയായിരുന്ന യുവതി തിരക്കേറിയ ലോക്കല്‍ ട്രെയിനില്‍ കയറവെ കാലുതെന്നി പാളത്തിലേക്ക് വീഴുകയായിരുന്നു. നീങ്ങിത്തുടങ്ങിയിരുന്ന തീവണ്ടിയുടെ ഒരു കമ്പാര്‍ട്ട്‌മെന്റ് യുവതിയുടെ ദേഹത്ത് കയറിയിറങ്ങിയിരുന്നു.
യാത്രക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ബഹളം വെച്ചതോടെ തീവണ്ടി നിര്‍ത്തുകയും പിന്നോട്ടെടുക്കുകയും ചെയ്തു. പിന്നോട്ടെടുക്കുന്ന തീവണ്ടിക്കടിയില്‍നിന്ന് യുവതിയെ പുറത്തെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യുവതിയുടെ കാലുകള്‍ ചോരയില്‍ കുളിച്ച നിലയിലായിരുന്നു. പോലീസുകാരാണ് റെയില്‍ പാളത്തില്‍നിന്ന് യുവതിയെ പുറത്തെത്തിച്ചത്. യുവതിയുടെ കാലുകള്‍ നഷ്ടപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം കനത്ത മഴയെ തുടര്‍ന്ന് മുംബൈയില്‍ പലയിടത്തും വെള്ളക്കെട്ടാണ്. മുംബൈയുടെ ജീവനാഡിയായ ലോക്കല്‍ ട്രെയിന്‍ ഗതാഗതത്തെ ഇത് സാരമായി ബാധിച്ചു. നിരവധി തീവണ്ടികള്‍ റദ്ദാക്കുകയും അനിശ്ചിതമായി വൈകുകയും ചെയ്തു.
ബെലാപുരില്‍ നിന്ന് താനെയിലേക്ക് മണിക്കൂറുകളായി തീവണ്ടികള്‍ ഉണ്ടായിരുന്നില്ല. ഇതാണ് വലിയ തിരക്കിന് കാരണമായത്.
