മുംബൈ – കൊച്ചുവേളി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിൻ

തൃശൂർ ∙ ചോർന്നൊലിക്കുന്ന കോച്ചിൽ രാത്രി മുഴുവൻ ഒരുപോള കണ്ണടയ്ക്കാനാകാതെ ഒൻപതു മണിക്കൂർ യാത്ര. മുംബൈ എഎൽടി–കൊച്ചുവേളി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലാണ് മലയാളികൾ ഉൾപ്പെടെ ഒട്ടേറെ യാത്രക്കാർ മഹാരാഷ്ട്രയിലെ രത്‌നഗിരി മുതൽ കർണാടകയിലെ ഉഡുപ്പി വരെ 9 മണിക്കൂറോളം യാത്രാ ദുരിതമനുഭവിച്ചത്. എസ് 7 കോച്ചിന്റെ മുകളിൽ ലൈറ്റ് ഘടിപ്പിച്ച ഭാഗം ഇളകി നിന്നിടത്തായിരുന്നു ചോർച്ച. ടേപ്പ് ചുറ്റിയാണ് ലൈറ്റ് താങ്ങിനിർത്തിയിരുന്നത്. മഴ ശക്തിപ്പെട്ടതോടെ ടേപ്പ് ഇളകി വെള്ളം ഉള്ളിലേക്കിറങ്ങി. പുലർച്ചെ 2 ന് ആരംഭിച്ച മഴ മണിക്കൂറുകളോളം തുടർന്നു. കോച്ച് മൊത്തം വെള്ളം പരന്നതോടെ സീറ്റിൽ നിന്നെഴുന്നേറ്റ യാത്രക്കാർ ഒരുഭാഗത്ത് ഒതുങ്ങിനിന്നാണ് ഇത്രയും ദൂരം യാത്രചെയ്തത്.

മുംബൈ കല്യാണിൽ സ്ഥിരതാമസമാക്കിയ തൃശൂർ ആനന്ദപുരം സ്വദേശി നെരേപറമ്പിൽ എൻ.പി.വർക്കി ദുരനുഭവം വിവരിക്കുന്നതിങ്ങനെ: ‘ബന്ധുവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ കുടുംബസമേതം ശനിയാഴ്ച വൈകിട്ട് 5.05 നാണ് താനെയിൽ നിന്നു യാത്ര ആരംഭിച്ചത്. രാത്രിയിൽ മഴ ശക്തിയായതോടെ വെള്ളം വീണു തുടങ്ങി. കോച്ചിന്റെ പല ഭാഗത്തും ചോർച്ച കണ്ടു. ഇരിപ്പിടങ്ങൾ വെള്ളത്തിൽ കുതിർന്നു. സ്ത്രീകളും കുട്ടികളുമടക്കം ഒട്ടേറെ പേരാണ് കോച്ചിലുണ്ടായിരുന്നത്.

ട്രെയിനിലെ ക്ലീനിങ് സൂപ്പർവൈസറോടു പരാതിപ്പെട്ടെങ്കിലും മഴപെയ്യുന്ന വിവരം ഞങ്ങൾക്കെങ്ങനെ അറിയാൻ കഴിയുമെന്നായിരുന്നു പ്രതികരണം. ജനലുകളും ശുചിമുറി വാതിലുകളും അടയ്ക്കാൻ പോലും കഴിയാത്തത്ര ദയനീയമായിരുന്നു കംപാർട്മെന്റിന്റെ സ്ഥിതി. യാത്രക്കാരിൽ പലരും പലതവണ പരാതി അറിയിച്ചിട്ടും ഞായർ രാവിലെ 11 വരെ ആരും തിരിഞ്ഞുനോക്കിയില്ല. റെയിൽ മദദ് ആപ് വഴി പരാതി നൽകിയതിനെ തുടർന്നു പരിശോധനയ്ക്കെത്തിയവർ ടേപ്പ് പൊളിച്ചുകളഞ്ഞു പുതിയത് ഒട്ടിക്കാനാണു ശ്രമിച്ചത്. കോച്ചിന്റെ പുറത്തുനിന്നു കേടുതീർക്കാതെ ചോർച്ച പരിഹരിക്കാനാവില്ലെന്നു കാട്ടി യാത്രക്കാർ ശ്രമം തടഞ്ഞെങ്കിലും ലൈറ്റിനു ചുറ്റുമുള്ള ചോർച്ച കൂടുതൽ ടേപ്പ് വച്ചു മൂടുക മാത്രമാണു ചെയ്തത്.