സെഞ്ചറി നേടിയ അഭിഷേക് ശർമയുടെ ആഹ്ലാദം. Photo: X@BCCI

ഹരാരെ ∙ ആദ്യ മത്സരത്തിലെ തോൽവിക്കു പകരം വീട്ടി രണ്ടാം ട്വന്റി20യിൽ സിംബാബ്‍വെയ്ക്കെതിരെ ഇന്ത്യയ്ക്കു 100 റൺസിന്റെ കൂറ്റൻ വിജയം. ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 20 ഓവറിൽ 234 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‍വെയ്ക്ക് 134 റൺസേ എടുക്കാനായുള്ളൂ. സ്കോർ: ഇന്ത്യ 20 ഓവറിൽ 2 വിക്കറ്റിന് 234. സിംബാബ്‌വെ 18.4 ഓവറിൽ 134 റൺസിന് ഓൾഔട്ട്.

ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 5 മത്സരങ്ങളുടെ പരമ്പരയിൽ ഇതോടെ ഇരുടീമുകളും ഒരു വിജയം വീതം നേടി ഒപ്പമായി. ചാംപ്യന്മാരുടെ പകിട്ടോടെ ട്വന്റി20 ലോകകപ്പിനുശേഷം ആദ്യ രാജ്യാന്തര മത്സരത്തിനിറങ്ങിയ ഇന്ത്യയെ ആദ്യ കളിയിൽ സിംബാബ്‌വെ തോൽപ്പിച്ചിരുന്നു. സിംബാബ്‌വെ ഉയർത്തിയ 116 റൺ‌സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 19.4 ഓവറിൽ 102 റൺസിന് ഓൾഔട്ടായി. ഈ വർഷം രാജ്യാന്തര ട്വന്റി20യിൽ ഇന്ത്യയുടെ ആദ്യ തോൽവിയായിരുന്നു ഇത്.

അഭിഷേക് ശർമ. Photo: X@BCCI

ഈ തോൽവിക്കുള്ള മറുപടിയാണ് ഇന്ത്യയുടെ വിജയം. ഇന്ത്യയ്ക്കായി ഓപ്പണിങ് ബാറ്റർ അഭിഷേക് ശർമ സെഞ്ചറി നേടി. 46 പന്തുകളിൽനിന്നാണ് അഭിഷേക് കന്നി സെഞ്ചറി അടിച്ചത്. എട്ടു സിക്സുകളും ഏഴു ഫോറുകളും താരം നേടി. വെല്ലിങ്ടൻ മസകട്സയുടെ പന്തിൽ ഡിയോൺ മയർസ് ക്യാച്ചെടുത്താണു പുറത്തായത്. സീനിയര്‍ ടീമിൽ അഭിഷേകിന്റെ രണ്ടാം മത്സരമാണിത്.

ഋതുരാജ് ഗെയ്ക്‌വാദ് 47 പന്തുകളിൽനിന്ന് 77 റണ്‍സെടുത്തു പുറത്താകാതെനിന്നു. 22 പന്തുകൾ നേരിട്ട റിങ്കു സിങ് 48 റൺസുമായി തിളങ്ങി. അഞ്ച് സിക്സുകളാണ് റിങ്കു ഗാലറിയിലേക്കു പറത്തിവിട്ടത്. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ നാലു പന്തില്‍ രണ്ടു റൺസ് മാത്രമെടുത്തു പുറത്തായി. മുസരബാനിയുടെ പന്തിൽ ബ്രയൻ ബെന്നറ്റ് ക്യാച്ചെടുത്താണ് ഗില്ലിനെ മടക്കിയത്. മത്സരത്തിന്റെ ആദ്യ പത്തോവറുകളിൽ 74 റൺസെടുത്ത ഇന്ത്യ പിന്നീടുള്ള 10 ഓവറിൽ അടിച്ചത് 160 റൺസാണ്. സിംബാബ്‍വെ നിരയിൽ വെസ്‌‍ലി മാഥവരെ (43), ലൂക് ജോങ്‍വെ (33), ബ്രയൻ ബെന്നറ്റ് (26) എന്നിവർ മികച്ച സ്കോർ നേടി.