സംഭവസ്ഥലം, ബോംബെറിഞ്ഞവരുടെ സി.സി.ടി.വി. ദൃശ്യം

തിരുവനന്തപുരം : പട്ടാപ്പകൽ നടുറോഡിൽ നാടൻ ബോംബെറിഞ്ഞ് എതിർ ഗുണ്ടാസംഘാംഗങ്ങളെ കൊലപ്പെടുത്താൻ ശ്രമം. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ സ്റ്റേഷൻകടവ് പനച്ചുമൂട് വീട്ടിൽ അഖിൽ (24), നെഹ്റു ജങ്ഷൻ മങ്ങാട്ടുവിളവീട്ടിൽ വിവേക് (32) എന്നിവർക്ക് ബോംബേറിൽ പരിക്കേറ്റു.

നെഞ്ചിനു നേരേ വന്ന ബോംബ് അഖിൽ കൈകൊണ്ട് തട്ടിയെറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു. അഖിലിന്റെ കൈപ്പത്തിക്കാണ് പരിക്കേറ്റത്. ബൈക്കിലെത്തിയ നാലു പേരാണ് ബോംബെറിഞ്ഞത്. രണ്ട് ബോംബുകളാണ് ഇവർക്കു നേരേ എറിഞ്ഞത്. പ്രഹരശേഷികൂടിയ ബോംബാണ് അക്രമികൾ ഉപയോഗിച്ചതെന്ന് പോലീസ് പറയുന്നു. പ്രദേശമാകെ നടുങ്ങുന്നതരത്തിലുള്ള ശക്തമായ ശബ്ദവുമുണ്ടായി. സംഭവത്തിൽ കഴക്കൂട്ടം സ്വദേശി ഷെഫിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പരിക്കേറ്റവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച ഉച്ചയ്ക്ക് 12-ഓടെയാണ് സംഭവം. തുമ്പയിലെ നെഹ്‌റു ജങ്ഷനിൽ റോഡിൽ വിളയിൽക്കുളത്തേക്കു പോകുന്ന ഇടറോഡിൽ സുഹൃത്തിന്റെ വീടിനു മുൻപിൽ നിൽക്കുകയായിരുന്നു പരിക്കേറ്റവർ. ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു.

നിരവധി കേസുകളിൽ പ്രതിയായ തുമ്പ സ്വദേശി സുനിയുടെ നേതൃത്വത്തിലുള്ള നാലംഗസംഘമാണ് ബോംബേറ് നടത്തിയതെന്നാണ് പോലീസ് പറയുന്നത്. വിദേശത്തായിരുന്ന ഇയാൾ അടുത്തിടെയായിരുന്നു നാട്ടിലെത്തിയത്. മാസങ്ങൾക്കു മുൻപ് സുനിയുടെ സംഘത്തിലെ ഒരാളെ അഖിൽ ബോംബെറിഞ്ഞു പരിക്കേൽപ്പിച്ചിരുന്നു. അതിന്റെ വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളിലും ഇവർ തമ്മിൽ വാക്കേറ്റവും വെല്ലുവിളിയും ഉണ്ടായിരുന്നതായി പോലീസ് പറയുന്നു.

കാപ്പ കേസിൽ ശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് അഖിൽ ജയിലിൽനിന്നു പുറത്തിറങ്ങിയത്. സ്ഥലത്ത് പോലീസ് ഫൊറൻസിക് വിഭാഗം പരിശോധന നടത്തി. സംഭവത്തിൽ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു.

സാമൂഹിക മാധ്യമങ്ങളിലെ വെല്ലുവിളിക്ക് പിന്നാലെ ആക്രമണം

തിരുവനന്തപുരം : തുമ്പയിൽ ബോംബെറിഞ്ഞ സംഭവത്തിലെ കേസിൽ മുഖ്യപ്രതിയായ തുമ്പ സ്വദേശി സുനി മുൻപും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള തർക്കമാണ് ബോംബേറിൽ കലാശിച്ചത്. ആഴ്ചകളായി സാമൂഹികമാധ്യമങ്ങളിൽ സുനിയുടെ സംഘവും അഖിലിന്റെ സംഘവും പരസ്പരം വെല്ലുവിളി നടത്തുന്നുണ്ടായിരുന്നു.

2022-ൽ സുനിലിനെ ആക്രമിക്കുന്നതിനായി അഖിലിന്റെ സംഘം പദ്ധതിയിട്ടു. തുടർന്ന് ബോംബെറിയുകയും സുനിലിന്റെ കൂടെയുള്ള മറ്റൊരാളുടെ കാലിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് അഖിൽ ഉൾപ്പെടെയുള്ളവർ അറസ്റ്റിലാകുകയും സുനിൽ വിദേശത്തേക്ക് പോകുകയും ചെയ്തു.

മാസങ്ങൾക്ക് മുൻപ് സുനിൽ തിരിച്ചെത്തി. ഞായറാഴ്ച ഉച്ചയോടെയാണ് തുമ്പ നെഹ്റു ജങ്‌ഷൻ റോഡിൽ വിളയിൽകുളത്തേക്ക് പോകുന്ന റോഡിൽ ഷമീറിന്റെ വീട്ടിൽ അഖിൽ ഉണ്ടെന്ന വിവരം സംഘത്തിന് ലഭിച്ചു. രണ്ടു ബൈക്കുകളിലെത്തിയ അവർ രണ്ടു ബോംബുകളും അഖിലിന്റെ നേർക്കാണ് എറിഞ്ഞത്. കൈകൊണ്ട് തട്ടി മാറ്റിയതിനാലാണ് ശരീരത്തിൽ വീഴാതെ സമീപത്ത് വീണത്. തുടർന്ന് അഖിൽ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. അപ്പോഴാണ് ഇവർ ബൈക്കുമായി കടന്നത്.

സമാധാനപരമായി കഴിയുന്ന ഈ പ്രദേശത്ത് പട്ടാപ്പകൽ ഉണ്ടായ ഗുണ്ടാ ആക്രമണത്തിന്റെ ഞെട്ടലിലാണ് നെഹ്‌റു ജങ്ഷൻ നിവാസികൾ. തുമ്പ പോലീസ് സ്റ്റേഷൻ പരിധി കേന്ദ്രീകരിച്ചു ഗുണ്ടാ, ലഹരി സംഘങ്ങൾ പിടിമുറുക്കുന്നുണ്ട്. പത്തോളം ആക്രമണങ്ങളാണ് കഴിഞ്ഞ ആറ് മാസത്തിനിടെ ഉണ്ടായത്. തുമ്പ പോലീസ് സ്റ്റേഷനിലെ ചില പോലീസുകാർക്ക് ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടെന്നും ആരോപണമുണ്ട്. കഴിഞ്ഞ മാസം ഗുണ്ടാ ലിസ്റ്റിലുള്ളവർക്ക് പാസ്‍പോർട്ട് എടുത്ത് നൽകാൻ സഹായിച്ച പോലീസുകാരനെതിരേ കേസെടുത്തിരുന്നു.