പ്രതീകാത്മക ചിത്രം

തൃശ്ശൂര്‍: കൊരട്ടിയില്‍ വീട്ടില്‍നിന്ന് 35 പവന്‍ സ്വര്‍ണം കവര്‍ന്നു. കൊരട്ടി ചിറങ്ങര പ്രകാശന്റെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

കഴിഞ്ഞദിവസം ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി ബാങ്ക് ലോക്കറില്‍നിന്ന് എടുത്ത സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. സംഭവസമയത്ത് പ്രകാശനും ഭാര്യയുമാണ് വീട്ടിലുണ്ടായിരുന്നത്.

പുലര്‍ച്ചെ എഴുന്നേറ്റപ്പോള്‍ വീട്ടിലെ മറ്റൊരുമുറിയില്‍ ലൈറ്റ് കത്തിക്കിടക്കുന്നത് കണ്ടതോടെയാണ് ഗൃഹനാഥനായ പ്രകാശന്‍ സംഭവമറിയുന്നത്. തുടര്‍ന്ന് ലൈറ്റ് ഓഫാക്കാനായി ഈ മുറിയിലെത്തിയപ്പോള്‍ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ടനിലയിലായിരുന്നു. പരിശോധിച്ചപ്പോള്‍ മുറിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണംപോയതായി വ്യക്തമായി. മുറിയിലുണ്ടായിരുന്ന ചില ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ വീട്ടുവളപ്പില്‍ ഉപേക്ഷിച്ചനിലയിലും കണ്ടെത്തി.

വീടിന്റെ പിറകുവശത്തെ ജനല്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. തൊട്ടടുത്തവീട്ടില്‍നിന്ന് കമ്പിപ്പാര എടുത്താണ് ജനല്‍ക്കമ്പികള്‍ തകര്‍ത്തതെന്നാണ് നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.