അനഘ

കൊട്ടാരക്കര(കൊല്ലം): ലോറിയില്‍ സ്‌കൂട്ടറിടിച്ച് എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റിയംഗം മരിച്ചു. പുത്തൂര്‍ വല്ലഭന്‍കര പ്രകാശ് മന്ദിരത്തില്‍ പ്രകാശിന്റെ ഏക മകള്‍ അനഘ പ്രകാശാ(24)ണ് മരിച്ചത്. കൊട്ടാരക്കര-പുത്തൂര്‍ റോഡില്‍ കോട്ടാത്തല സരിഗ ജങ്ഷനില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു അപകടം.

അനഘ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ എതിരേവന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ ഇടിക്കുകയായിരുന്നു. റോഡില്‍ തെറിച്ചുവീണു ഗുരുതര പരിക്കേറ്റ അനഘയെ ഉടന്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ബി.എഡ്.വിദ്യാര്‍ഥിനിയായ അനഘ വെണ്ടാര്‍ ശ്രീവിദ്യാധിരാജ സ്‌കൂളില്‍ അധ്യാപന പരിശീലനത്തിനായി പോകും വഴിയായിരുന്നു അപകടം. അച്ഛന്‍ പ്രകാശ് വിദേശത്താണ്. അമ്മ ഗുജറാത്തിലും. കൊട്ടാരക്കരയില്‍ വനിതാ ഹോസ്റ്റലിലാണ് അനഘ താമസിച്ചിരുന്നത്.