എ.എ. റഹിം എം.പി
ആലുവ: ടയർ ഷോറൂമിലെ തീയണയ്ക്കാൻ മുന്നിട്ടിറങ്ങി എ.എ. റഹിം എം.പി. ഞായറാഴ്ച രാത്രി ഏഴുമണിക്ക് ദേശീയപാത ആലുവ കമ്പനിപ്പടി ജങ്ഷനിലുള്ള ടയർ ഷോറൂമിന്റെ മുകൾഭാഗത്താണ് തീ പിടിച്ചത്. ഒരു ജീവനക്കാരൻ തീ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
ഈ സമയം ഇതുവഴി പോയ എ.എ. റഹീം തീ പടരുന്നത് കണ്ട് സ്ഥലത്തിറങ്ങി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. എം.പി. തന്നെ അഗ്നിരക്ഷാ സേനയെ വിളിച്ചു.
തീ കൂടുതൽ സ്ഥലങ്ങളിലേക്ക് പടരാതിരിക്കാൻ എം.പി.യുടെ നേതൃത്വത്തിൽ മുൻകരുതൽ എടുത്തു. ആലുവയിൽനിന്ന് അതിവേഗം അഗ്നിരക്ഷാസേന കൂടിയെത്തിയതോടെ അര മണിക്കൂറിനുള്ളിൽ തീ പൂർണമായും നിയന്ത്രണ വിധേയമാക്കി. അതിനു ശേഷമാണ് എ.എ. റഹീം മടങ്ങിയത്.
ചേർത്തലയിലെ പൊതു പരിപാടിയിൽ പങ്കെടുത്ത ശേഷം ഡൽഹിയിലേക്കു പോകാനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള യാത്രയിലായിരുന്നു റഹീം. സംഭവത്തെ തുടർന്ന് പ്രദേശത്തെ ഗതാഗതം കുറച്ചുനേരത്തേക്ക് തടസ്സപ്പെട്ടു.
കടയുടെ മുകളിൽ സ്ഥാപിച്ചിരുന്ന എൽ.ഇ.ഡി. ബോർഡിൽനിന്ന് തീ പടർന്നു പിടിച്ചതായാണ് കരുതുന്നത്. ആലുവ അഗ്നിരക്ഷാസേനയിലെ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ എം.ജി. ബിജു, ഫയർ ഓഫീസർമാരായ പി.എൻ. ശ്രീനിവാസൻ, എസ്. രാജേഷ്, എസ്.എസ്. അജയ്, ഡ്രൈവർ പി.എൻ. അഭിലാഷ് എന്നിവർ നേതൃത്വം നൽകി.
