വി. ജയദേവൻ, കേശവ് കൊല്ല

തൃശ്ശൂര്‍: ക്രിക്കറ്റില്‍ നെറ്റ് റണ്‍റേറ്റ് എന്നാല്‍, ഒരേസമയം ആശ്വാസവും നിരാശയുമുണ്ടാക്കുന്ന കണക്കുകൂട്ടലാണ്. മികച്ച പ്രകടനം കാഴ്ചവെച്ചാലും റണ്‍റേറ്റില്‍ പിന്നിലായതിനാല്‍ നഷ്ടം സംഭവിച്ച ടീമുകളേറെ. ചിലപ്പോള്‍ തട്ടിമുട്ടി കടന്നുകൂടുന്ന ടീമുകള്‍ക്ക് ഗുണകരമാവുകയുംചെയ്യും.

ആഭ്യന്തരമത്സരങ്ങളിലും ഐ.പി.എല്‍. ടൂര്‍ണമെന്റുകളിലും സ്ഥിരമായി ഉപയോഗിക്കാറുള്ള നെറ്റ് റണ്‍റേറ്റിലെ പോരായ്മകള്‍ പരിഹരിക്കുന്ന വിശകലനരീതിയുമായി തൃശ്ശൂര്‍ കുരിയച്ചിറ നെഹ്റുനഗര്‍ സ്വദേശി വി. ജയദേവന്‍ എത്തുന്നു. നേരത്തേ, മഴമൂലം കളി മുടങ്ങിയാല്‍ മത്സരഫലം നിര്‍ണയിക്കാനുള്ള ഡക്ക്വര്‍ത്ത്-ലൂയി-സ്റ്റേണ്‍ (ഡി.എല്‍.എസ്.) നിയമത്തിലെ പഴുതുകള്‍ക്ക് പരിഹാരമായി ജയദേവന്‍ പുതിയ മഴനിയമം (വി.ജെ.ഡി.) അവതരിപ്പിച്ചിരുന്നു. ബി.സി.സി.ഐ. അമ്പയറായ കേശവ് കൊല്ല വി.ജെ.ഡി. നിയമത്തിന് ആപ്ലിക്കേഷന്‍ വികസിപ്പിച്ച് ശ്രദ്ധനേടിയിരുന്നു.

നെറ്റ് റണ്‍റേറ്റിന്റെ പരിമിതി മറികടക്കാന്‍ സഹായിക്കുന്ന ഫോര്‍മുലയ്ക്ക് റിലേറ്റീവ് നെറ്റ് റണ്‍റേറ്റ് എന്നാണ് പേരിട്ടിരിക്കുന്നത്. ഇപ്പോള്‍ നെറ്റ് റണ്‍റേറ്റ് കണക്കാക്കാന്‍ അടിസ്ഥാനമാക്കുന്നത് ആ ടീം നേടുന്ന റണ്ണും ഓവറുകളുമാണ്.

വിക്കറ്റുകളുടെ കണക്ക് ഉള്‍പ്പെടുത്താത്തതിനാല്‍ കഷ്ടിച്ച് നേടുന്ന ജയത്തിന് മികച്ച ജയത്തേക്കാള്‍ നെറ്റ് റണ്‍റേറ്റ് ഉണ്ടാകാമെന്നതാണ് ഈ നിയമത്തിന്റെ പോരായ്മ. പുതിയ രീതിയില്‍ റണ്ണിനും ഓവറുകള്‍ക്കും നല്‍കുന്ന അതേ പ്രാധാന്യം വിക്കറ്റുകള്‍ക്കും നല്‍കുന്നു. ഒരു മത്സരത്തില്‍ എതിര്‍ ടീമിന്റെ ഓവര്‍ അടിസ്ഥാനത്തില്‍ മറികടക്കേണ്ട സ്‌കോര്‍ (പാര്‍ സ്‌കോര്‍) അടിസ്ഥാനമാക്കി റിലേറ്റീവ് നെറ്റ് റണ്‍റേറ്റ് രീതി പ്രവര്‍ത്തിക്കും.

പുതിയ നിയമത്തിന്റെ വിശദവിവരങ്ങള്‍ ബി.സി.സി.ഐ.ക്കും ഐ.സി.സി.ക്കും അയച്ച് അംഗീകാരത്തിനായി കാത്തിരിക്കുകയാണിവര്‍.