പെരുമ്പാവൂർ സ്വകാര്യ ബസ് സ്റ്റാൻഡിൽ ‘സൽമാൻ’ ബസ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു

പെരുമ്പാവൂര്‍: സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിലൂടെ കുപ്രസിദ്ധി നേടിയ ‘സല്‍മാന്‍’ ബസും മോട്ടോര്‍ വാഹനവകുപ്പിന്റെ പിടിയിലായി. കോതമംഗലം-പെരുമ്പാവൂര്‍-ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ് വ്യാഴാഴ്ച വൈകീട്ട് മൂന്നിന് പെരുമ്പാവൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തുവെച്ചാണ് മോട്ടോര്‍ വാഹനവകുപ്പ് പിടികൂടിയത്. ബസിന് സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിച്ചിരുന്നില്ല. നിയമവിരുദ്ധമായി എയര്‍ഹോണ്‍ ഉപയോഗിച്ചിരുന്നതായും മുന്‍വശത്തെ ചില്ല് പൊട്ടിയതായും കണ്ടെത്തി.

ബസിന്റെ ഫിറ്റ്നസ് റദ്ദാക്കുകയും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ പോരായ്മകള്‍ പരിഹരിച്ച് പരിശോധന പൂര്‍ത്തിയാക്കി മാത്രം സര്‍വീസ് നടത്തിയാല്‍ മതിയെന്നും നിര്‍ദേശിച്ചു. അലക്ഷ്യമായും അപകടകരമായും വാഹനം ഓടിച്ചതിന് ഡ്രൈവര്‍ വടാട്ടുപാറ പള്ളിക്കുടിയില്‍ അഖിലിന് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി.

ഇയാളെ മോട്ടോര്‍ വാഹനവകുപ്പിന് കീഴിലുള്ള ഐ.ഡി.പി.ആറില്‍ (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച്) പരിശീലനത്തിന് അയക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആലുവ-മൂന്നാര്‍ റോഡില്‍ മത്സരയോട്ടം നടത്തിയ ‘അജുവ’ ബസിനും ഡ്രൈവര്‍ക്കുമെതിരേ കഴിഞ്ഞ ചൊവ്വാഴ്ച മോട്ടോര്‍ വാഹനവകുപ്പ് നടപടിയെടുത്തിരുന്നു. അന്ന് സല്‍മാന്‍ ബസാണ് അജുവയ്‌ക്കൊപ്പം മത്സരിച്ച് ഓടിയത്.

വട്ടോളിപ്പടിയില്‍ രണ്ടു ബസുകളും ഒരുമിച്ച് ചരക്കുലോറിയെ മറികടക്കുന്നത് എതിരേവന്ന കാര്‍ യാത്രികര്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തുകയും വാര്‍ത്തയാവുകയും ചെയ്തിരുന്നു. സംഭവത്തില്‍ ജനങ്ങളുടെ സുരക്ഷയെ കരുതി മോട്ടോര്‍ വാഹനവകുപ്പ് സ്വമേധയാ നടപടിയെടുക്കുകയായിരുന്നു.

ആലുവ-കോതമംഗലം റൂട്ടില്‍ ഇവരുടെ മത്സരയോട്ടം പതിവാണെന്നും ഭാഗ്യംകൊണ്ടുമാത്രമാണ് അപകടങ്ങള്‍ ഒഴിവാകുന്നതെന്നും യാത്രക്കാര്‍ പറയുന്നു. മത്സരയോട്ടവും അമിതവേഗവും തടയുന്നതിന്റെ ഭാഗമായി തുടര്‍ന്നും പരിശോധനയുണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജോയിന്റ് ആര്‍.ടി.ഒ. എസ്. അരവിന്ദന്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ഷിബു സുധാകരന്‍, ജോര്‍ലിഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.