ടി20 ലോകകപ്പ് വിജയത്തിനു പിന്നാലെ ഹാർദിക് പാണ്ഡ്യ | ANI

മുംബൈ: വാംഖഡെയില്‍ ഹാര്‍ദിക് പാണ്ഡ്യയെ കൂകി വിളിച്ച ആ ദിനങ്ങള്‍ ഓര്‍മയില്ലേ. മുംബൈ ഇന്ത്യന്‍സിന്റെ സ്വന്തം മൈതാനത്തുവെച്ച്, സ്വന്തം ആരാധകരുടെ കൂവലുകള്‍ കേള്‍ക്കാന്‍ വിധിക്കപ്പെട്ട ആ ദിനങ്ങള്‍ ഹാര്‍ദിക് ഒരിക്കലും മറക്കാനിടയില്ല. ഐ.പി.എല്‍. ആരാധകര്‍ ഇപ്പോള്‍ ആ ദിനങ്ങള്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നുമുണ്ടാവില്ല.

മാസങ്ങള്‍ക്ക് മുന്‍പ് മുംബൈ ഇന്ത്യന്‍സ് ആരാധകരുടെ സ്‌നേഹവായ്പുകള്‍ പ്രതീക്ഷിച്ചെത്തിയ ഹാര്‍ദിക്കിന് മുംബൈ അത്ര നല്ല ഓര്‍മകളല്ല നല്‍കിയിരുന്നത്. മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായിരുന്ന രോഹിത് ശര്‍മയെ മാറ്റിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. ആരാധകരുടെ കടുത്ത വിമര്‍ശനങ്ങള്‍ക്ക് കാരണമായി. ഗുജറാത്തില്‍നിന്ന് എത്തിച്ച ഹാര്‍ദിക്കിനായിരുന്നു പുതിയ ക്യാപ്റ്റന്‍സി ചുമതല. രോഹിത്തിനെ മാറ്റിയതിന്റെ കലിപ്പ്, ആരാധകരെല്ലാംകൂടി ഹാര്‍ദിക്കിന്റെ മേല്‍ ചാര്‍ത്തി.

ഗ്രൗണ്ട് സപ്പോര്‍ട്ട് എന്നത് ഒരു കളി ജയിക്കാന്‍ നിര്‍ണായകമായ കാരണങ്ങളിലൊന്നാണല്ലോ. പക്ഷേ, മുംബൈ ഇന്ത്യന്‍സ് വാംഖഡെയില്‍ കളിച്ച ഓരോ കളിയിലും ക്യാപ്റ്റന്‍ ഹാര്‍ദിക്കിന് കൂവലുകളാണ് ഏറ്റുവാങ്ങേണ്ടിയിരുന്നത്. നാള്‍ക്കുനാള്‍ തോറും അത് കൂടുകയല്ലാതെ കുറഞ്ഞില്ല. അതിന്റെ പ്രതിഫലനം ടീമിലും ഉടലെടുത്തു. രോഹിത് പക്ഷമെന്നും ഹാര്‍ദിക് പക്ഷമെന്നും മുംബൈ ഇന്ത്യന്‍സ് രണ്ടായി വിഭജിച്ചു. ഒടുക്കം കഴിഞ്ഞ ഐ.പി.എല്‍. സീസണില്‍ ഏറ്റവും അവസാന സ്ഥാനക്കാരായി ടീം പുറത്തുപോവുകയും ചെയ്തു.

പക്ഷേ, അപ്പോഴും അചഞ്ചലമായ മനസ്സോടെ, അപാരമായ ആത്മവിശ്വാസത്തോടെ ഹാര്‍ദിക് പാണ്ഡ്യ ടീമിനെ നയിച്ചു. താന്‍ അനുഭവിച്ച കയ്പും കണ്ണീരും ഒരിക്കല്‍പ്പോലും പരിഭവമായി പറഞ്ഞില്ല. ടീമിനെ ആവുന്ന വിധത്തിലെല്ലാം കളി ജയിപ്പിക്കാന്‍ ശ്രമിച്ചു. ഇത്രയൊക്കെയായിട്ടും പെരുമാറുന്നതു കണ്ടില്ലേ എന്ന അഹങ്കാര വിളികളും അയാള്‍ കേട്ടു. ഇതിനിടെ താരത്തിന്റെ വിവാഹ മോചന അഭ്യൂഹങ്ങളും പരന്നു. കുടുംബപരമായും കരിയര്‍പരമായുമെല്ലാം വലിയ പ്രതിസന്ധിയിലൂടെ മുന്നോട്ടുപോയിട്ടും അയാളിലെ നിശ്ചയദാര്‍ഢ്യത്തിനോ ആത്മവിശ്വാസത്തിനോ ഇളക്കം തട്ടിയില്ല.

ടി20 ലോകകപ്പിന് എല്ലാവരും ഇന്ത്യയില്‍നിന്ന് പുറപ്പെട്ടപ്പോള്‍ ലണ്ടനില്‍നിന്നായിരുന്നു അദ്ദേഹം യു.എസിലെത്തിയത്. ആ സമയത്തെല്ലാം അദ്ദേഹത്തിന്റെ വിവാഹമോചനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ പരന്നുകൊണ്ടിരുന്നു. എല്ലാ നിലക്കും മാനസിക പ്രതിസന്ധി അനുഭവിച്ച അദ്ദേഹത്തിന് പക്ഷേ, ടി20 ലോകകപ്പ് കാത്തുവെച്ചത് മറ്റൊരു അനുഭവമായിരുന്നു.

ഓള്‍റൗണ്ടര്‍ എന്ന രീതിയില്‍ ഇന്ത്യയെ അദ്ദേഹം നിര്‍ണായക സമയങ്ങളിലെല്ലാം കരകയറ്റി. ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളി കൈവിട്ടുപോകുന്ന ഘട്ടത്തില്‍ ഹെയ്ന്‍ റിച്ച് ക്ലാസനെ പുറത്താക്കി ഇന്ത്യന്‍ വരുതിയിലേക്ക് എത്തിച്ച ആ നിമിഷങ്ങളെ മറക്കാനാവില്ല. 16 റണ്‍സ് വേണ്ടിയിരുന്ന അവസാന ഓവറില്‍ എട്ട് റണ്‍സ് മാത്രം വിട്ടുനല്‍കുകയും രണ്ട് വിക്കറ്റുകള്‍ നേടുകയും ചെയ്ത അനുഭവങ്ങളും മനസ്സില്‍നിന്ന് പോവില്ല.

അവസാന ഓവറിലെ ത്രില്ലിങ് ജയത്തിനു പിന്നാലെ രോഹിത് ശര്‍മയെത്തി പാണ്ഡ്യയെ കെട്ടിപ്പിടിച്ചതൊക്കെ അവിസ്മരണീയ അനുഭവമായി മനസ്സിലുണ്ട്. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് കണ്ണീരില്‍ കുതിര്‍ന്ന് ആ വിജയമാഘോഷിച്ചതും. ഹാര്‍ദിക് സംസാരിക്കുന്നതിനിടെ രോഹിത് വന്ന് മുത്തം നല്‍കിയും എങ്ങനെ മറക്കും!

ഒടുക്കം ലോകകപ്പ് ഇന്ത്യയുടെ കൈയില്‍വെച്ച് കൊടുത്ത് രണ്ടുമാസത്തിനുശേഷം ഒരിക്കല്‍ക്കൂടി അയാള്‍ വാംഖഡെ സ്‌റ്റേഡിയത്തിലെത്തിയിരിക്കുന്നു. സ്‌റ്റേഡിയത്തില്‍ ഹാര്‍ദിക് എത്തുംമുന്നെത്തന്നെ അവിടെയാകെ ഹാര്‍ദിക്! ഹാര്‍ദിക്! വിളികളെക്കൊണ്ട് നിറഞ്ഞിരുന്നു. വിക്ടറി പരേഡ് സ്‌റ്റേഡിയത്തിലേക്ക് കടന്നതോടെ ഹാര്‍ദിക് വിളികള്‍ക്ക് ഊക്ക് കൂടി. ഒരു ജനത രണ്ട് മാസം മുന്നെ നടത്തിയ ചെയ്തികള്‍ക്ക് പ്രായശ്ചിത്തം ചെയ്തതായിരിക്കണം അത്.

കൂകി വിളിച്ച സ്‌റ്റേഡിയത്തില്‍ വിശ്വം ജയിച്ച ആവേശത്തോടെ കപ്പ് സ്വന്തത്തോട് ചേര്‍ത്ത് അയാള്‍ നടന്നു. വാംഖഡെയിലെത്തുന്നതിന് മുന്‍പ് ഹാര്‍ദിക്കിന്റെ സാമൂഹിക മാധ്യമ പോസ്റ്റ് കണ്ടായിരുന്നോ? സീ യൂ സൂണ്‍, വാംഖഡെ (See you soon, Wankhede) എന്നായിരുന്നു. കപ്പും പിടിച്ച്, കൂളിങ് ഗ്ലാസ് ധരിച്ച്, ചിരിച്ചുനില്‍ക്കുന്ന ആ പോസ്റ്റിലുണ്ടായിരുന്നു അയാള്‍ക്ക് പറയാനുണ്ടായിരുന്നതെല്ലാം.

അതുകഴിഞ്ഞ് വീണ്ടുമൊരു വീഡിയോ അദ്ദേഹം പങ്കുവെച്ചു. ഈ നിമിഷങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കില്ലെന്ന് അറിയിച്ചുകൊണ്ട്.

അങ്ങനെ കൂവിവിളിച്ചവരെക്കൊണ്ടുതന്നെ വാഴ്ത്തുപാട്ടുകള്‍ പാടിച്ച ആത്മവിശ്വാസത്തിന്റെ പേരായി ഹാര്‍ദിക്. സീറോയായിപ്പോയി ഹീറോ ആയി മടങ്ങിവരുമ്പോള്‍ ഹാര്‍ദിക് ജനപ്രിയനായി കൂടി മാറിയിരിക്കുന്നു. മുംബൈ ഇന്ത്യന്‍സില്‍ കഴിഞ്ഞ സീസണില്‍ സംഭവിച്ചതെല്ലാം ആരാധകര്‍ക്ക് മറക്കാന്‍ ഈയൊരു മുഹൂര്‍ത്തം മാത്രം മതി.