Photo: AP

മുംബൈ: ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നേടിയ വിജയം ആഘോഷിക്കാന്‍ മുംബൈയിലെ മറൈന്‍ ഡ്രൈവിലെത്തിയ നിരവധി പേര്‍ക്ക് തിക്കിലും തിരക്കിലുംപെട്ട് പരിക്ക്. ഇന്ത്യന്‍ ടീമിന്റെ വിക്ടറി പരേഡിനായി തടിച്ചുകൂടിയ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ പോലീസ് പരാജയമായിരുന്നുവെന്ന് പലരും പ്രതികരിച്ചു. തിരക്കില്‍പ്പെട്ട് ചിലര്‍ക്ക് ശ്വാസതടസവും തളര്‍ച്ചയും അനുഭവപ്പെട്ടതായി പോലീസ് അറിയിച്ചു. ചിലര്‍ ബോധംകെട്ടു വീഴുകയും ചെയ്തു.

ലോകകപ്പ് വിജയത്തിനു ശേഷം ബാര്‍ബഡോസില്‍ നിന്ന് വ്യാഴാഴ്ചയാണ് ഇന്ത്യന്‍ ടീം നാട്ടിലെത്തിയത്. ടീമിന് മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ വമ്പന്‍ സ്വീകരണവും ഒരുക്കിയിരുന്നു. മറൈന്‍ ഡ്രൈവില്‍ നിന്ന് വാംഖഡെ സ്റ്റേഡിയം വരെ തുറന്ന ബസിലായിരുന്നു ടീമിന്റെ വിക്ടറി പരേഡ്. പതിനായിരങ്ങളാണ് ടീമിനെ കാണാനും അഭിവാദ്യമര്‍പ്പിക്കാനും മറൈന്‍ഡ്രൈവ് മുതല്‍ വാംഖഡെ സ്റ്റേഡിയം വരെയുള്ള റോഡില്‍ തടിച്ചുകൂടിയത്.

മറൈന്‍ഡ്രൈവിനും പരിസരത്തും നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്കും കേടുപാടുകള്‍ വന്നിട്ടുണ്ട്. വിക്ടറി പരേഡിനെത്തിയ ആരാധകരില്‍ പലരും ഇത്തരത്തില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് മുകളില്‍ കയറി ആഹ്ലാദം പ്രകടിപ്പിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളില്‍ ഒരാള്‍ ദേശീയ മാധ്യമത്തോട് പറഞ്ഞു. പല വാഹനങ്ങളുടെയും മുകള്‍ഭാഗം ചളുങ്ങിയ അവസ്ഥയിലാണ്. ചിലതിന്റെ ചില്ലുകള്‍ക്കും കേടുപാടുകളുണ്ട്.

പലര്‍ക്കും മൊബൈല്‍ ഫോണ്‍ അടക്കമുള്ള വസ്തുക്കളും നഷ്ടമായി. വിക്ടറി പരേഡിനു ശേഷം റോഡില്‍ നിരവധി ചെരിപ്പുകളാണ് ചിതറിക്കിടക്കുന്നത്. ആളുകളെ നിയന്ത്രിക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്നും പലരും പ്രതികരിച്ചു.

വലിയ ഗതാഗതക്കുരുക്കാണ് ഇതിനെത്തുടര്‍ന്ന് ദക്ഷിണ മുംബൈയിലുണ്ടായത്. മറൈന്‍ ഡ്രൈവിലേക്കുള്ള ഗതാഗതം പൂര്‍ണമായും പോലീസ് തടഞ്ഞതോടെ ഇതര റൂട്ടുകളിലും ഗതാഗതക്കുരുക്കുണ്ടായി.