വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലെ കാടുമൂടിയ കെട്ടിടങ്ങൾ

തൃശ്ശൂര്‍: തുലച്ചത് 16 കോടി, പൊലിഞ്ഞത് 140 പേരുടെ സ്വന്തംവീടെന്ന സ്വപ്നവും. വടക്കാഞ്ചേരിയില്‍ ഏറെ വിവാദമുണ്ടാക്കിയ ലൈഫ്മിഷന്‍ ഫ്‌ലാറ്റ് സമുച്ചയത്തെപ്പറ്റിയുള്ള ഇപ്പോഴത്തെ ചുരുക്കവിവരണമാണിത്. 500 ചതുരശ്രയടി വീതമുള്ള അപ്പാര്‍ട്ടുമെന്റുകളില്‍ ജീവിതം സുരക്ഷിതമാക്കാനുള്ള കാത്തിരിപ്പിനും വൈകാതെയുണ്ടായ നിരാശയ്ക്കും അഞ്ചു വര്‍ഷമാകുകയാണ്.

യു.എ.ഇ. റെഡ്ക്രെസന്റ് അതോറിറ്റിയുമായി ലൈഫ്മിഷന്‍ ധാരണാപത്രം ഒപ്പിട്ടത് 2019 ജൂലായ് 11-ന്. ഇതില്‍ പ്രതീക്ഷയര്‍പ്പിച്ച ഭവനരഹിതരും അനുകൂലിച്ച ഭരണാധികാരികളും പദ്ധതിയില്‍ തട്ടിപ്പു കണ്ടെത്തിയ അന്വേഷണ ഏജന്‍സികളും നിര്‍മാണത്തെ എതിര്‍ത്തവരും ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ട് കാലങ്ങളായി.

കാടുമൂടിയ കെട്ടിടങ്ങള്‍ തകര്‍ച്ചയിലായി. ആളനക്കമില്ലാതെ കാട്ടുമൃഗങ്ങള്‍ വിഹരിക്കുന്ന ഇവിടേക്ക് ചെന്നെത്തുക അത്ര എളുപ്പമല്ല. ചരല്‍ക്കുന്നിലെ ഫ്‌ലാറ്റ്‌സമുച്ചയ അങ്കണത്തിലേക്ക് വാഹനം പോകില്ല. രണ്ട് കിലോമീറ്റര്‍ മണ്‍റോഡിലൂടെയുള്ള കുത്തനെയുള്ള കയറ്റമാണ്.

ആദ്യത്തെ ഫ്‌ലാറ്റ് കാടുകയറി തകര്‍ന്നുകിടക്കുന്നു. പണ്ട് ഉദ്ഘാടനവേളയില്‍ വികസനസന്ദേശങ്ങളടങ്ങിയ കൂറ്റന്‍ ഫ്‌ലക്‌സ്ബോര്‍ഡുകള്‍ തൂങ്ങിയിരുന്ന ഫ്‌ലാറ്റാണിത്. ഇപ്പോള്‍ കെട്ടിടംപോലും കാണാനാകാത്ത രീതിയില്‍ ചെടികളും മരങ്ങളും വളര്‍ന്നിരിക്കുന്നു. നിര്‍മാണം തകര്‍ന്നടിയാന്‍ തുടങ്ങിയിരിക്കുന്നു. കെട്ടിടം ചോര്‍ന്നൊലിക്കുന്നു. അടിയിലെ നിലയില്‍ ചുറ്റും കാട്ടുപന്നികളുടെയും കുറുക്കന്റെയും മാളങ്ങള്‍.

കാനനപാതയെന്ന് തോന്നിക്കുന്ന വഴിയിലൂടെ 200 മീറ്റര്‍കൂടി പോയാല്‍ അവിടെയാണ് മറ്റ് മൂന്ന് സമുച്ചയങ്ങള്‍. പായല്‍പിടിച്ച്, പാതിതകര്‍ന്ന്, കാടുകയറി, വെള്ളക്കെട്ടില്‍ക്കുതിര്‍ന്ന, പാതിനിര്‍മിച്ചുനിര്‍ത്തിയ ഫ്‌ലാറ്റ്‌സമുച്ചയങ്ങള്‍. അഞ്ചാംസമുച്ചയത്തിലേക്കും ആശുപത്രിസമുച്ചയത്തിലേക്കും പോകാന്‍ വഴിയില്ല.

ആശുപത്രിയിലേക്കു മാത്രമായി നിര്‍മിച്ച റോഡിലൂടെയും അവിടേക്ക് പോകാനാകില്ല. പക്ഷേ, ആ വഴി അതിലും വലിയ കാടുനിറഞ്ഞ് ഒരടിപോലും മുന്നോട്ടുപോകാനാകാത്ത സ്ഥിതിയിലാണ്.

സെയ്ന്റ് വെഞ്ചേഴ്സുമായി സഹകരിച്ച് 5.25 കോടിയില്‍ ഏതാണ്ട് പൂര്‍ത്തിയാക്കിയ ഹെല്‍ത്ത്‌കെയര്‍ സെന്റര്‍ എന്ന ആശുപത്രിക്കെട്ടിടം ആരൊക്കെയോ ചേര്‍ന്ന് നശിപ്പിച്ചിരിക്കുകയാണ്.

തടിയും വിലപ്പെട്ട വസ്തുക്കളും കടത്തിക്കൊണ്ടുപോയി. ചില്ലിട്ട സ്ഥലങ്ങളെല്ലാം എറിഞ്ഞുടച്ചു. അസ്ഥിപജ്ഞരങ്ങള്‍പോലെയാണ് ഈ കാട്ടിനുള്ളിലെ ആറ് സമുച്ചയങ്ങളും.