മീന രാമചന്ദ്രൻ, പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ വാളിപ്ലാക്കൽ കാർ നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച നിലയിൽ
റാന്നി (പത്തനംതിട്ട): വാഹനാപകടത്തില്‍ പരിക്കേറ്റ അപരിചിതരെ സ്വന്തം കാറില്‍ ആശുപത്രികളില്‍ എത്തിക്കുകയും പരിചരിക്കുകയും ചെയ്ത് മീന ടീച്ചര്‍ മാതൃകയായി. ഉതിമൂട് വാളിപ്ലാക്കലില്‍ നിയന്ത്രണംവിട്ട കാര്‍ മതിലില്‍ ഇടിച്ച് പരിക്കേറ്റ കട്ടപ്പന സ്വദേശികളായ ദമ്പതിമാര്‍ക്കും മകള്‍ക്കുമാണ് സീതത്തോട് കെ.ആര്‍.പി.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപിക ഉതിമൂട് കുളത്താനില്‍ മീന രാമചന്ദ്രന്‍ രക്ഷകയായത്.
അപകടത്തിന് ദൃക്സാക്ഷിയായ അധ്യാപിക ഇവരെ ആദ്യം റാന്നി താലൂക്ക് ആശുപത്രിയിലും ഡോക്ടര്‍മാര്‍ റഫര്‍ ചെയ്തതോടെ തിരുവല്ല ബിലീവേഴ്സ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു. അവധി എടുത്ത് ഇവരെ പരിചരിക്കുകയുംചെയ്തു.
ബുധനാഴ്ച രാവിലെ 8.30-ന് പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ വാളിപ്ലാക്കല്‍ വളവിലായിരുന്നു അപകടം. നിയന്ത്രണംവിട്ട കാര്‍ എതിര്‍വശത്തെ വീടിന്റെ മതിലില്‍ ഇടിക്കുകയായിരുന്നു. കട്ടപ്പനയില്‍നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഇരട്ടയാര്‍ പാറെവെട്ടിപ്പുഴയില്‍ ടി.സി.ബോസ് (തങ്കച്ചന്‍-59), ഭാര്യ ജയമോള്‍(56), മകള്‍ ഡയാന(21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഡയാനയാണ് കാറോടിച്ചിരുന്നത്.
മീന രാമചന്ദ്രന്‍ വീട്ടില്‍നിന്നും സ്‌കൂളിലേക്ക് പോകുംവഴിയാണ് അപകടം നടക്കുന്നത് കണ്ടത്. കാര്‍ നിര്‍ത്തി അപകടസ്ഥലത്തെത്തുമ്പോള്‍ അമ്മയെ രക്ഷിക്കണമെന്ന് പറഞ്ഞ് ഡയാന നിലവിളിക്കുന്നതാണ് കാണുന്നത്. അമ്മ ജയമോള്‍ ശരീരമാസകലം രക്തംപുരണ്ട അവസ്ഥയിലായിരുന്നു.
ഓടിക്കൂടിയവരോട് ഇവരെ തന്റെ കാറിലേക്ക് കയറ്റാന്‍ നിര്‍ദേശിച്ചു. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മറ്റെവിടേക്കെങ്കിലും കൊണ്ടുപോകണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായി മീന ടീച്ചര്‍ പറഞ്ഞു. തനിക്ക് പരിചയമുള്ള ബിലീവേഴ്സ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യാന്‍ നിര്‍ദേശിച്ചു.
ഇവരെ അവിടെ എത്തിച്ചതും ടീച്ചര്‍ തന്നെ. ഡയാനയ്ക്ക് കാര്യമായ പരിക്കില്ലായിരുന്നു. മറ്റ് രണ്ടുപേര്‍ക്കും സ്‌കാനിങ് ആവശ്യമായിരുന്നു. ജയമോള്‍ക്ക് തലയില്‍ സാരമായ പരിക്കുണ്ട്. കാലിനും ഒടിവുപറ്റി.
ഡയാനയെ ഒറ്റയ്ക്കാക്കി പോരുവാന്‍ മനസ്സനുവദിച്ചില്ലെന്ന് ടീച്ചര്‍ പറഞ്ഞു. ഡയാനയ്ക്കൊപ്പം മാതാപിതാക്കളെ പരിചരിച്ച് ടീച്ചര്‍ ആശുപത്രിയില്‍ തന്നെ കഴിഞ്ഞു. സ്‌കൂളില്‍ വിളിച്ച് അവധി അറിയിച്ചു. തങ്ങളുടെ രക്ഷകയായി എത്തിയ ടീച്ചറെ ഒരിക്കലും മറക്കില്ലെന്ന് ഡയാന പറഞ്ഞു.
”ആദ്യമായാണ് ഒരു അപകടം നേരില്‍ കാണുന്നത്. എന്നാല്‍ ഡയാനയുടെ നിലവിളി കേട്ടപ്പോള്‍ ഭയമെല്ലാം അകന്നു. അവരെ രക്ഷിക്കണമെന്ന ചിന്ത മാത്രമേ ഉണ്ടായുള്ളൂ”-അധ്യാപിക പറഞ്ഞു.
