തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ വയോധിക ആശുപത്രിയിൽ | Photo: AFP

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഹാഥ്‌റസില്‍ സ്വയംപ്രഖ്യാപിത ആള്‍ദൈവം ഭോലെ ബാബയുടെ സത്സംഗത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം 121 ആയി. ഇരുപത്തെട്ടോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവരില്‍ ഭൂരിഭാഗം പേരെയും തിരിച്ചറിഞ്ഞതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ദുരന്തവുമായി ബന്ധപ്പെട്ട് ഭോലെ ബാബയെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് വിവരം. സൂരജ് പാല്‍ എന്നാണ് ഭോലെ ബാബയുടെ യഥാര്‍ഥ പേര്.

അതേസമയം ഹാഥ്‌റസ് ദുരന്തത്തെ കുറിച്ച് സി.ബി.ഐ. അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അലഹാബാദ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. അഭിഭാഷകനായ ഗൗരവ് ദ്വിവേദിയാണ് ഹര്‍ജി നല്‍കിയത്.

പരിപാടിക്കുശേഷം ഭോലെ ബാബയെ കാണാന്‍ ആളുകള്‍ തിരക്കുകൂട്ടിയതും ബാബയുടെ കാല്‍പ്പാദത്തിനരികില്‍നിന്ന് മണ്ണ് ശേഖരിക്കാന്‍ ശ്രമിച്ചതുമാണ് തിക്കും തിരക്കുമുണ്ടാവാന്‍ കാരണമായതെന്ന് പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. മരിച്ചവരെയും അബോധാവസ്ഥയിലായവരെയും ട്രക്കുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളിലാണ് ആശുപത്രിയിലെത്തിച്ചത്. ‘സകാര്‍ വിശ്വ ഹരി ഭോലെ ബാബ’ എന്ന ബാനറില്‍ നടത്തിയ സത്സംഗത്തില്‍ പങ്കെടുക്കാന്‍ 15,000-ത്തോളം പേരെത്തിയിരുന്നു.